
തിരുവനന്തപുരം: എസ്എപി ക്യാമ്പിൽ നടക്കാൻ പോകുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനത്തിന് ചട്ടവിരുദ്ധമായി പണം നൽകിയെന്നാരോപണം. സമ്മേളനത്തിന്‍റെ ഭാഗമായി മുൻകാല ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിനാണ് തുക അനുവദിച്ചത്. ക്യാമ്പിലെ സിമ്മിംഗ് പൂളിന്‍റെ ലാഭ വിഹിതമാണ് സമ്മേളനത്തിന് നൽകിയത്.
എസ്എപി ക്യാമ്പില്‍ അടുത്ത തിങ്കളാഴ്ച നടക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള ഒരു വട്ടം കൂടിയെന്ന പരിപാടിക്ക് പണം അനുവദിച്ചതാണ് വിവാദമാകുന്നത്. മുൻ കൂല ഉദ്യോഗസ്ഥരുടെ ഒത്തുചേരലാണ് ഒരു വട്ടം കൂടി. ഇതിന് പണം അനുവദിക്കണമെന്ന് അസോസിയേഷൻ എസ്എപി കമാണ്ടിനോട് ആവശ്യപ്പെട്ടിരുന്നു. ക്യാമ്പിനകത്തുള്ള സിമ്മിംഗ് പൂളിന്‍റെ മേൽനോട്ട സമിതി സമിതിയോഗത്തിൽ ഈ പണം സംഘടനയ്ക്ക് നൽകാൻ തീരുമാനിച്ചു. സ്വമ്മിംഗ് പൂള്‍ ഉപയോഗിക്കുന്നവരിൽ നിന്നും ലഭിക്കുന്ന ഫീസിൽ നിന്നാണ് പണം 25,000 രൂപ അനുവദിച്ചത്.
സിമ്മിംഗ് പൂളിൽ നിന്നുളള ലാഭവിഹിതം ക്യാമ്പിന്‍റെ വിവിധങ്ങളായ പ്രവർത്തനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നാണ് ധാരണ. പക്ഷെ ഇതിന്‍റെ മറവിൽ സംഘടനക്ക് പണം നൽകിയതാണ് വിവാദമായത്. പൊലീസ് വെൽഫർ ബോർഡിൽ നിന്നും, സ്പോർട്സ് ഫണ്ടിൽ നിന്നും കടമെടുത്താണ സ്വിമ്മിംഗ് പൂള്‍ നിർമ്മിച്ചത്. പൊതുജനങ്ങള്‍ക്ക് ഫീസ് നൽകി ഇവിടെ നീന്താം. ഇങ്ങനെ ലഭിക്കുന്ന ഫീസിൽ നിന്നും കടം തിരികെ അടച്ചു തീർക്കുന്നതിനിടയിലാണ് സംഘടനക്ക് വേണ്ടിയുള്ള തുക വകമാറ്റം. യോഗത്തിൽ തീരുമാനമെടുത്തുവെങ്കിലും അന്തിമ ഉത്തരവിറങ്ങിയിട്ടില്ലെന്ന് എസ്എപി കമാണ്ടൻ്റ് പറഞ്ഞു.