
വയനാട്: ബപ്പനമലയില്‍ കഴിഞ്ഞ നവംബര്‍ മൂന്നിനുണ്ടായ പോലീസ് മാവോയിസ്റ്റ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ട വേല്‍മുരുകന്‍റെ ശരീരത്തില്‍ വെടിയേറ്റ 44 മുറിവുകളുണ്ടെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സി.പി.റഷീദിന്‍റെ നേതൃത്വത്തിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍. വേല്‍മുരുകനെ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് വെടിവെച്ചുവെന്നാണ് ഇവരുടെ ആരോപണം.
ബപ്പനമലയില്‍ മാവോയിസ്റ്റുകള്‍ വെടിവെച്ചപ്പോള്‍ രക്ഷപ്പെടാൻ തിരികെ പോലീസ് വെടിയുതിര്‍ത്തുവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഈ എറ്റുമുട്ടലില്‍ വേല്‍മുരുകന്‍ കൊല്ലപ്പെട്ടുവെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കൊല്ലുകയെന്ന ലക്ഷ്യത്തോടെ പോലീസ് വെടിവെച്ചുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
അതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് പോസ്റ്റ് മാര്‍ട്ടം നടത്തിയ ഡോക്ടറുടെ കണ്ടെത്തലുകളാണ്. ഹൃദയം, കരള്‍,വയര്‍ ശ്വാസകോശം, കിഡ്നി എന്നിവിടങ്ങളില്‍ വെടിയേറ്റുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. പിടികൂടുകയെന്ന ലക്ഷ്യത്തോടെയാണ് വെടിയുതിര്‍ത്തതെങ്കില്‍ കാല്‍മുട്ടിന് താഴെ മാത്രമെ വെടിവയ്ക്കാവൂ എന്നാണ് ഇവരുടെ വാദം.
മരണശേഷമാണ് രണ്ട് തുടയെല്ലുകളും പോട്ടിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. മൃതദേഹത്തോടു പോലും പോലീസ് അനാദരവ് കാണിച്ചെന്നതിന്‍റെ തെളിവായാണ് ഇതിനെ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഏറ്റുമുട്ടലില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വാദം. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെയും കോടതിയെയും സമീപിക്കാനാണ് സിപി റഷീദിന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം മനുഷ്യാവാകാശ പ്രവര്‍ത്തകര്‍ തയ്യാറെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam