
കൊച്ചി: സിപിഎം മുൻ സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഭാര്യ വിനോദിനി ബാലകൃഷ്ണൻ കസ്റ്റംസിന് മുമ്പാകെ ഇന്ന് ഹാജരായില്ല. ഇന്ന് ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുടെ നിർമാണക്കരാർ കിട്ടുന്നതിന് കോഴയായി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനി ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. യുഎഇ കോണ്‍സുൽ ജനറലിന് നല്‍കിയ ഐഫോൺ എങ്ങനെ വിനോദിനി ബാലകൃഷ്ണന്‍റെ കയ്യിൽ എത്തിയെന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതിൽ വിശദീകരണം നൽകാനാണ് വിനോദിനിയോട് ഹാജരാകാൻ കസ്റ്റംസ് ആവശ്യപ്പെട്ടത്.
സന്തോഷ് ഈപ്പനിൽ നിന്ന് താൻ ഫോൺ കൈപ്പറ്റിയിട്ടില്ലെന്നും സന്തോഷ് ഈപ്പനെ അറയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ഫോൺ നൽകിയത് സ്വപ്ന സുരേഷിനാണെന്നും അത് ആർക്കൊക്കെ ലഭിച്ചെന്ന് അറിയില്ലെന്നും സന്തോഷ് ഈപ്പനും പ്രതികരിച്ചിരുന്നു.
ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷണനും പങ്കുണ്ടെന്ന സ്വപ്നയുടെ മൊഴി കോടതിയിൽ കൈമാറിയതിന് പിറകെയാണ് സിപിഎം നേതൃത്വത്തെ പ്രതിരോധത്തിലാക്കി കസ്റ്റംസിന്‍റെ പുതിയ നീക്കം.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിക്ക് നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ഒരു ലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വില വരുന്ന ഐഫോണാണിത്. ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ 6 ഐഫോണുകളാണ് സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ എം ശിവശങ്കര്‍ ഉള്‍പ്പെടെ അഞ്ച് ഐഫോണുകള്‍ ഉപയോഗിക്കുന്നവരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ആറാമത്തെ ഐഫോണിന്‍റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനി ബാലകൃഷ്ണനിലെത്തിയത്. വിനോദിനിയുടെ നമ്പറിൽ നിന്ന് തിരുവനന്തപുരത്തെ വിസ സ്റ്റാംമ്പിഗ് കമ്പനി യു.എ.എഫ്.എക്സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ പിന്നീട് ഉപയോഗിക്കാതായെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam