
ഇടുക്കി: ഇടുക്കി ഗവണ്‍മെന്‍റ് കോളേജിലെ അസൌകര്യങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ നഴ്സിങ് വിദ്യാർത്ഥികളെ ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് ഭിഷിണിപ്പെടുത്തിയതായി ആരോപണം. "ഞങ്ങടെ സർക്കാരിന് ഇടുക്കിയിൽ നഴ്സിങ് കോളേജ് കൊണ്ടുവരാൻ അറിയാമെങ്കിൽ, ഞങ്ങൾ പറയുന്നത് കേൾക്കാൻ കുട്ടികൾ തയ്യാറായില്ലെങ്കിൽ, കോളജ് ഇവിടെ നിന്ന് മാറ്റാനും അറിയാം" എന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.
വിദ്യാർത്ഥികളുടെയും പിടിഎ പ്രതിനിധികളുടെയും യോഗത്തിലാണ് സി വി വർഗീസിന്‍റെ പരാമർശം. യോഗം വിളിച്ചത് ചെറുതോണിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലാണ്. ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. നഴ്സിങ് കോളേജ് പ്രിൻസിപ്പലും ആ യോഗത്തിൽ പങ്കെടുത്തിരുന്നുവെന്ന് രക്ഷിതാവ് രാജിമോൾ പറഞ്ഞു.
വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നുവെന്ന് സി വി വർഗീസ് സമ്മതിച്ചു. മനപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കി കോളേജ് ഇവിടെ നിന്ന് മാറ്റാനാണോ ശ്രമം എന്നാണ് ചോദിച്ചതെന്ന് സി വി വർഗീസ് പറയുന്നു. നഴ്സിങ് കോളജ് ഇവിടെ നിന്ന് മാറ്റാൻ ഒരു വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ശ്രമിക്കുന്നുവെന്നും സി വി വർഗീസ് പറഞ്ഞു. മന്ത്രി പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ചർച്ച നടത്തിയതെന്നും സി വി വർഗീസ് പറഞ്ഞു.
ഇടുക്കി നഴ്സിങ് കോളേജ് പൂട്ടിക്കാൻ സി വി വർഗീസും പ്രിൻസിപ്പലും ഗൂഢാലോചന നടത്തുന്നുവെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. സ്ഥാനത്ത് ഇരിക്കാൻ പ്രിൻസിപ്പൽ യോഗ്യൻ അല്ല. പ്രിൻസിപ്പൽ സി വി വർഗീസിന്‍റെ നിഴലായി നിൽക്കുന്നു. പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിന് എത്താൻ നിർദേശിക്കുന്ന നഴ്സിങ് കോളേജ് പ്രിൻസിപ്പാലിന്‍റെ വാട്സ് ആപ്പ് ചാറ്റ് പുറത്തുവന്നു. ജില്ലാ കളക്ടറുടെ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കുകയും ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam