ആരോഗ്യ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി

Published : Oct 15, 2021, 12:26 PM IST
ആരോഗ്യ സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ക്രമക്കേടെന്ന് പരാതി

Synopsis

പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സർവകലാശാല വരണാധികാരി പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി, ബാലറ്റുകൾ അയച്ചു ഈ സാഹചര്യത്തിൽ നിയമപ്രകാരം ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നാണ് വിശദീകരണം. 

തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയിലെ (Kerala Health Sciences University) സെനറ്റ് തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ (voters list) ക്രമക്കേട് എന്ന് പരാതി. വോട്ടവകാശം ഉള്ള 51 ഡോക്ടർമാരെ പരിശോധന പോലും കൂടാതെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടന സർവകലാശാല ചാൻസലർ കൂടി ആയ ഗവർണർക്ക് പരാതി നൽകിയിരിക്കുകയാണ്. തെറ്റ് പറ്റി എന്ന് സമ്മതിക്കുന്ന സർവകലാശാല തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയതിനാൽ ഇനി ഒന്നും ചെയ്യാൻ പറ്റാത്ത സഹചര്യമാണെന്ന് വിശദീകരിക്കുന്നു.

വോട്ടിംഗ് പ്രക്രിയ തുടങ്ങും മുൻപ് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന 51 ഡോക്ടർമാർ അവസാന പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയിൽ ഇല്ല. കോഴിക്കോട് മെഡിക്കൽ കോളേജിലെ 48 ഡോക്ടർമാരും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 3 ഡോക്ടർമാരുമാണ് ഒഴിവാക്കപ്പെട്ടത്.

വിവിധ മണ്ഡലങ്ങൾ ആയി തിരിച്ചുള്ള തെരഞ്ഞെടുപ്പിൽ മെഡിക്കൽ കോളേജ് അധ്യാപകർ ആയ ഈ ഡോക്ടർമാരെ പക്ഷെ പാരാ മെഡിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ വിഭാഗത്തിൽ ആകട്ടെ തെരഞ്ഞെടുപ്പ് ഇല്ലതാനും. കരട്‌ പട്ടികയിൽ ഉണ്ടായിരുന്നവരുടെ പേര് അവസാന പട്ടികയിൽ ഇല്ലെന്ന് വന്നതോടെ സർവകലാശാലയെ സമീപിച്ചെങ്കിലും സമയ പരിധി കഴിഞ്ഞെന്നായിരുന്നു മറുപടി എന്ന് ഡോക്ടർമാർ പറയുന്നു. 

ഇതിനെതിരെ പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ ഗവ‍ർണ‍ർക്ക് പരാതി നൽകി. നിയമ നടപടിയിലേക്ക് നീങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് സർവകലാശാല വരണാധികാരി പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങി, ബാലറ്റുകൾ അയച്ചു ഈ സാഹചര്യത്തിൽ നിയമപ്രകാരം ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താൻ സാധിക്കില്ല. പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിൽ തിരുത്താൻ ആകുമായിരുന്നു. ഇതാണ് ആരോഗ്യ സർവകലാശാലയുടെ വിശദീകരണം.

അതേസമയം ഡോക്ടർമാർ നിയമപരമായി നീങ്ങിയാൽ ആ വിഭാഗത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കേണ്ട സാഹചര്യവും ഉണ്ടാകും.

PREV
click me!

Recommended Stories

അടൂർ പ്രകാശിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ, അതിജീവിതയ്ക്ക് അപ്പീൽ പോകാമെന്ന് മുരളീധരൻ, കോൺഗ്രസ് വേട്ടക്കാരനൊപ്പമല്ലെന്ന് ചെന്നിത്തല
തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ മെച്ചപ്പെട്ട പോളിം​ഗ്, സംസ്ഥാനത്താകെ രേഖപ്പെടുത്തിയത് 14.33 ശതമാനം പോളിം​ഗ്