നഴ്‌സിങ് കൗണ്‍സില്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യം; ആരോപണം തള്ളി മുന്‍ അംഗങ്ങള്‍

By Web TeamFirst Published Dec 21, 2020, 7:34 AM IST
Highlights

ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ചശേഷം കൗണ്‍സിലിന്റെ കയ്യിലുള്ള രേഖകള്‍ സഹിതം മറുപടി നല്‍കുമെന്ന് നഴ്‌സിങ് കോണ്‍സില്‍ രജിസ്ട്രാര്‍ സലീന ഷാ പ്രതികരിച്ചു.
 

തിരുവനന്തപുരം: നഴ്‌സിങ് കൗണ്‍സിലിലെ ക്രമക്കേടുകളിലെ നിജ സ്ഥിതി കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. അതേസമയം, കൗണ്‍സിലിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടതെന്നാണ് കൗണ്‍സില്‍ മുന്‍ അംഗങ്ങളുടെ പ്രതികരിച്ചു. ഓഡിറ്റ് വകുപ്പ് കണ്ടെത്തിയ വീഴ്ചകളില്‍ കൗണ്‍സില്‍ ഉടന്‍ മറുപടി നല്‍കുമെന്ന് രജിസ്ട്രാറും അറിയിച്ചു. 

2014 മുതല്‍ 2019 വരെയുള്ള കൗണ്‍സിലിന്റെ പ്രവര്‍ത്തനമാണ് ഓഡിറ്റ് വകുപ്പ് വിലയിരുത്തിയത്. കേന്ദ്ര ഗ്രാന്റ് ചെലവഴിച്ചതിന്റെ കണക്ക് സൂക്ഷിക്കാത്തതു മുതല്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത നഴ്‌സിങ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയതും അനധികൃതമായി സിറ്റിങ് ഫീസ് അനുവദിച്ചതുമടക്കം ക്രമക്കേടുകളാണ് കണ്ടെത്തിയത്. പല കാര്യങ്ങളിലും കൗണ്‍സിലിന്റെ മറുപടി തൃപ്തികരമല്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. 

എന്നാല്‍ കണ്ടെത്തലുകള്‍ തെറ്റാണെന്ന വാദമാണ് മുന്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ളത്. കൃത്യമായ കണക്കുകള്‍ സൂക്ഷിക്കുന്നുണ്ട്. പല വിധ പരിശോധനകള്‍ക്കുശേഷമാണ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്ന കണ്ടെത്തലും ഇവര്‍ നിഷേധിച്ചു. കൗണ്‍സില്‍ അംഗീകരിച്ച് നിയമിച്ച റിട്ടേണിങ് ഓഫിസറുടെ പേരിലാണ് പണം മാറിയതെന്നാണ് വിശദീകരണം.

അതേസമയം ഓഡിറ്റ് റിപ്പോര്‍ട്ട് പഠിച്ചശേഷം കൗണ്‍സിലിന്റെ കയ്യിലുള്ള രേഖകള്‍ സഹിതം മറുപടി നല്‍കുമെന്ന് നഴ്‌സിങ് കോണ്‍സില്‍ രജിസ്ട്രാര്‍ സലീന ഷാ പ്രതികരിച്ചു. കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിശോധിക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷ നഴ്‌സിങ് യൂണിയന്‍ ഉന്നയിക്കുന്നത്. സ്വകാര്യ ആശുപത്രിളിലെ നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയും ഇതേ ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്

click me!