
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ നടപടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നടപടിയെടുക്കണമെന്ന നിലപാട് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. അതേസമയം, രാഹുലിനെതിരായ ആരോപണങ്ങളിൽ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും വെയിറ്റ് ആന്‍ഡ് സീ എന്നുമായിരുന്നു കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ പ്രതികരണം. ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പിന്നീട് പറയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ തീരുമാനം നേതൃത്വം പറയുമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. രാഹുലിനെതിരായ ആരോപണം സംബന്ധിച്ചുള്ള വിഷയം ഔദ്യോഗികമായി അച്ചടക്കസമിതിക്ക് മുന്നിൽ എത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.
അതിനാൽ തന്നെ ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ല. ഇക്കാര്യങ്ങളെക്കുറിച്ച് എല്ലാം പൊതു നിഗമനത്തിൽ എത്തിയിട്ടുണ്ട്. പാർട്ടിയുടെ കേന്ദ്ര നേതൃത്വം ഇടപെടൽ നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ കൃത്യമായി അഭിപ്രായമില്ലാത്തവരാരും പാർട്ടിയിൽ ഉണ്ടാവില്ല. പ്രതിപക്ഷനേതാവ് അടക്കം ഇക്കാര്യത്തിൽ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് ഇത് സംബന്ധിച്ച് ഫോണിൽ സംസാരിച്ചിരുന്നു. സമൂഹത്തിൽ മാതൃകയായി നിൽക്കേണ്ടവരാണ് കോൺഗ്രസിന്‍റെ പ്രവർത്തകരും നേതാക്കളും. ഇത്തരം പ്രവണതകളിലേക്ക് പോകാനുള്ള ടെൻഡൻസി ഉണ്ടാവരുത്. എല്ലാം അതിന്‍റെ മുറയ്ക്ക് നടക്കും. പൊതുയിടങ്ങളിൽ നിൽക്കുന്ന കോണ്‍ഗ്രസുകാര്‍ നല്ലനിലയിൽ നിൽക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.