'മാഡവും കുടുംബവും ജീവിക്കൂല്ല'; സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റര്‍ക്ക് ഭീഷണി, നടപടിയില്ല

Published : Aug 06, 2021, 12:04 PM ISTUpdated : Aug 06, 2021, 12:11 PM IST
'മാഡവും കുടുംബവും ജീവിക്കൂല്ല'; സഹകരണ സംഘത്തിലെ ക്രമക്കേടുകൾ കണ്ടെത്തിയ ഓഡിറ്റര്‍ക്ക് ഭീഷണി, നടപടിയില്ല

Synopsis

സംഘത്തിന്‍റെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജീവനക്കാരന്‍റെ ബിരുദം സംബന്ധിച്ച് ഗുരുതരമായ പൊരുത്തക്കേടുകൾ ഓഡിറ്റർ കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് കാഴ്ചക്കാർ മാത്രം.

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ഓഡിറ്റ് കാര്യക്ഷമമാക്കാൻ നടപടി ശക്തമാക്കും എന്നാണ് സഹകരണ മന്ത്രി സഭയിൽ നൽകിയ ഉറപ്പ്. എന്നാൽ അനന്തപുരം സഹകരണ സംഘത്തിലെ ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയ വനിതാ ഓഡിറ്റർക്ക് നേരിടേണ്ടി വന്നത് വധഭീഷണിയാണ്. കുടുംബത്തെയടക്കം ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജീവനക്കാരനെതിരെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 

സംഘത്തിന്‍റെ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജീവനക്കാരന്‍റെ ബിരുദം സംബന്ധിച്ച് ഗുരുതരമായ പൊരുത്തക്കേടുകൾ ഓഡിറ്റർ കണ്ടെത്തിയിട്ടും സഹകരണ വകുപ്പ് കാഴ്ചക്കാർ മാത്രമായി ഒതുങ്ങി.

അനന്തപുരം സഹകരണ സംഘത്തിനെതിരെ 2016-17 സാമ്പത്തിക വർഷത്തിൽ 37 ക്രമക്കേടുകളാണ് ഓഡിറ്റർ കണ്ടെത്തിയത്. ഇത് ഔദ്യോഗിക രേഖയാക്കിയ വനിതാ ഓഡിറ്റർ വിജയലക്ഷ്മിയമ്മക്ക് നേരെയാണ് സംഘത്തിലെ ജീവനക്കാരന്‍ വധിഭീഷണി മുഴക്കിയത്. സംഘത്തിലെ അസിസ്റ്റൻ്റ് സെക്രട്ടറി കൃഷ്ണകുമാറാണ് വിജയലക്ഷ്മിയെ ഭീഷണിപ്പെടുത്തിയത്. 

2020 ഫെബ്രുവരിയിലായിരുന്നു സംഭവം. " മാഡം ജീവിക്കൂല്ല മാഡം മാത്രമല്ല മാഡത്തിന്‍റെ കുടുംബവും ജീവിക്കൂല്ല, സ്ഥാപനത്തെയും ഇത്രയും ജീവനക്കാരെയും നശിപ്പിച്ചിട്ട് നന്നാവാന്ന് നോക്കണ്ട. കുടുതൽ കളിച്ചാൽ നമ്മളും കളിക്കും" ഇങ്ങനെയായിരുന്നു ഭീഷണി

പൊലീസ് എഫ്ഐആർ ഇട്ടുവെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. സഹകരണ രജിസ്ട്രാർക്ക് വിജയലക്ഷ്മിയമ്മ പരാതി നൽകിയതോടെ വകുപ്പിൽ അന്വേഷണം നടന്നു. സംഭവം നടക്കുന്ന സമയം അനന്തപുരം സംഘത്തിലുണ്ടായിരുന്ന അഡീഷണൽ ഓഡിറ്ററും വധഭീഷണി ശരിവച്ചു. അനന്തപുരം സഹകരണസംഘം നടത്തിയ ഗുരുതര ക്രമക്കേടുകളിൽ ഓഡിറ്ററെ ഭീഷണിപ്പെടുത്തി റിപ്പോർട്ട് അനുകൂലമാക്കാൻ ശ്രമം നടന്നതായി കരുതുന്നു എന്നാണ് ജോയിന്‍റ് ഡയറക്ടറുടെ കണ്ടെത്തൽ. 

ഇതോടൊപ്പം ഓഡിറ്റ് സർട്ടിഫിക്കറ്റിൽ പുറത്തുകൊണ്ടു വന്ന മറ്റൊരു ഗുരുതര വിഷയം സെക്രട്ടറിയുടെ ബിരുദത്തിലെ പൊരുത്തക്കേടുകളായിരുന്നു. സെക്രട്ടറിയായി പ്രമോഷൻ കിട്ടാൻ ബിരുദം വേണമെന്നിരിക്കെ തിരുമല ശാഖാ മാനേജരായിരുന്ന രതീഷ് കുമാർ മറ്റൊരാളുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റിൽ വ്യാജ രേഖയുണ്ടാക്കിയത് ഉൾപ്പെടുയുള്ള വിവരങ്ങളാണ് ഓഡിറ്റിൽ ഉൾപ്പെടുത്തിയത്. ഇത് കുരുക്കാകുമെന്ന് കണ്ട് തീരുമാനം അന്ന് സംഘം പിൻവലിച്ചെങ്കിലും ഇപ്പോൾ രതീഷ് കുമാറിന് തന്നെയാണ് സെക്രട്ടറിയുടെ ചുമതല. 

ഭരണസമിതി പ്രിയപ്പെട്ട ജീവനക്കാർക്ക് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് പ്രമോഷനുകളും നാല് ഇൻക്രിമെന്‍റും നൽകുന്ന വിചിത്രമായ സ്ഥാനക്കയറ്റങ്ങളെകുറിച്ചും ഓഡിറ്റ് സർട്ടിഫിക്കറ്റിൽ പരാമർശമുണ്ട്. സെക്രട്ടറിയുടെ ബിരുദത്തിൽ വ്യാജ രേഖ ചമക്കൽ ബലപ്പെടുത്തുന്ന ഓഡിറ്റ് ആക്ഷേപത്തിൽ ക്രിമിനൽ നടപടി അനിവാര്യമായിരിക്കെ അതുമുണ്ടായില്ല. 

ഓഡിറ്ററുടെത് സംഘത്തെ തകർക്കാനുള്ള ശ്രമമാണെന്നും വധഭീഷണി മുഴക്കിയെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് അനന്തപുരം ഭരണസമിതി ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചത്. അപ്പോഴും ഓഡിറ്ററുടെ പരാതികൾ ശരിവയ്ക്കുന്ന ജോയിന്റ് ഡയറക്ടറുടെ കണ്ടെത്തലുകളാണ് സംഘത്തെ പ്രതികൂട്ടിൽ നിർത്തുന്നത്. സഹകരണ രജിസ്ട്രാറും കർശന നടപടികൾ നിർദ്ദേശിച്ചിരുന്നു. എന്നാൽ വകുപ്പ് നടപടികൾ കടലാസിൽ ഒതുങ്ങി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്