അമ്മയെക്കുറിച്ച് പറഞ്ഞ് നിയമസഭയില്‍ വിതുമ്പി ഗണേഷ് കുമാര്‍; വെഞ്ഞാറമൂട് മേൽപാലം വേണം, കിഫ്ബിക്ക് വിമര്‍ശനം

By Web TeamFirst Published Aug 6, 2021, 11:22 AM IST
Highlights

കിഫ്ബി പദ്ധതി വഴിയുള്ള പണി മുടങ്ങുന്നതിനെക്കുറിച്ച് വൈകാരികമായാണ് ​പിന്നീട് ​ഗണേഷ് കുമാർ സംസാരിച്ചത്. അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താൻ വെഞ്ഞാറമൂട്ടിൽ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോൾ അമ്മ മരിച്ചു. 

തിരുവനന്തപുരം: കിഫ്ബി പദ്ധതികൾക്ക് കാലതാമസം നേരിടുന്നുവെന്ന് കെ ബി ​ഗണേഷ് കുമാർ എംഎൽഎ. റോഡുകളുടെ പണി വൈകുകയാണ്. ഇത് ഒഴിവാക്കണം. പത്തനാപുരത്ത് 2018ൽ പ്രഖ്യാപിച്ച ഒരു റോഡും പണി തുടങ്ങിയിട്ടില്ലെന്നും ​ഗണേഷ് പറഞ്ഞു

കിഫ്ബി പദ്ധതി വഴിയുള്ള പണി മുടങ്ങുന്നതിനെക്കുറിച്ച് വൈകാരികമായാണ് ​പിന്നീട് ​ഗണേഷ് കുമാർ സംസാരിച്ചത്. അമ്മക്ക് അസുഖം ഗുരുതരമാണെന്നറിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോയ താൻ വെഞ്ഞാറമൂട്ടിൽ ഇരുപത് മിനിട്ടിലേറെ കിടന്നു. ഇത് കഴിഞ്ഞ് കൊട്ടാരക്കര എത്തിയപ്പോൾ അമ്മ മരിച്ചു. വെഞ്ഞാറമുട് മേൽപ്പാലം വേണമെന്ന ആവശ്യത്തിനും കിഫ്ബി ഉദ്യോഗസ്ഥർ തടസം നിൽക്കുകയാണെന്നും ​ഗണേഷ് കുമാർ പറഞ്ഞു. 

കിഫ്ബിയിൽ കൺസൾട്ടൻസി ഒഴിവാക്കി മികച്ച ഉദ്യോഗസ്ഥരെ ഉപയോഗിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. കോടിക്കണക്കിന് രൂപ ശമ്പളം കൊടുക്കുന്ന എൻജിനീയർമാർ പൊതുമരാമത്ത് വകുപ്പിൽ ഉള്ളപ്പോൾ എന്തിന് പുറത്തു നിന്ന് കൺസൾട്ടൻ്റുമാരെ കൊണ്ടുവരുന്നുവെന്നും ​ഗണേഷ് കുമാർ ചോദിച്ചു. വലിയൊരു ശതമാനം തുക കൺസൾട്ടൻ്റുമാർ കൊണ്ടുപോകുകയാണെന്നും ​ഗണേഷ് കുമാർ ആരോപിച്ചു. 

പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ചില നിർദ്ദേശങ്ങൾ കിഫ്ബി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് സഭയെ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിനാണ് കിഫ്ബി കൂടുതൽ തുക അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പും കിഫ് ബിയും സർക്കാരിൻറെ അഭിമാന സ്തംഭങ്ങളാണ്. എം എൽ എമാർ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മാനദണ്ഡങ്ങളും മാറ്റാനാകില്ലെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു. 

 

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!