
ആലപ്പുഴ:നഗരസഭയിലെ സി പി എം കൗൺസിലർ ഷാനവാസിന്‍റെ ലഹരി , ക്വട്ടേഷൻ ബന്ധങ്ങള്‍ അക്കമിട്ട് നിരത്തി പൊലിസിന്‍റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ പിടിയിലായ ഇജാസ്, ഷാനവാസിൻ്റ ബിനാമിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷട്രീയ പിൻബലത്തിലാണ് അനധികൃതമായി സമ്പത്തുണ്ടാക്കുന്നതെന്നും സംസ്ഥാന പൊലിസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സിപിഎം കൗണ്‍സിലറുടെ ലോറിയില്‍ ഒന്നരക്കോടിയുടെ ലഹരിക്കടത്ത് പിടിച്ചത് വന് വിവാദമായതോടെയാണ് എ ഷാനവാസിനെതിരെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയത്.
ഇന്‍റലിജന്‍സ് എഡിജിപി മുഖേന ഡിജിപിക്കും ആഭ്യന്തര വകുപ്പിനും നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഗുരുതരമായ കാര്യങ്ങള്‍. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്. പല അനധികൃത സാമ്പത്തിക ഇടപാടുകളിലും ഷാനവാസ് ഇടനിലക്കാരനായി വിഹിതം കൈപ്പറ്റുന്നുണ്ട്. ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധം പുലർത്തുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാരോണിനെ ആലപ്പുഴയിൽ താമസിപ്പിക്കുന്നു. കരുനാഗപ്പള്ളി ലഹരി കടത്തിൽ പിടിയിലായ ഇജാസ് ഷാനവാസിൻ്റെ ബിനാമിയാണ്. ഷാനവാസിൻ്റെ പിറന്നാൾ ആഘോഷം നടന്ന കാബിനറ്റ് സ്പോര്ട്സ് സിറ്റിയും ടീ ഷോപ്പും നടത്തുന്നത് ഇജാസ് ഉൾപ്പടെ 8 പേർ ചേർന്നാണ്. ബിനാമികളെ ഉപയോഗിച്ചാണ് ഇടപാടുകൾ . റിയൽ എസ്റ്റേറ്റ് ഇടപാടുകളുമുണ്ട്.ഇതിനെല്ലാം ഉപയോഗിക്കുന്നത് രാഷ്ട്രീയ പിൻബലവും. ഷാനവാസിനെതിരെ എന്‍ഫോഴ്സ്മെന്‍് ഡയറ്ക്ടറേറ്റിന് പരാതി നൽകിയത് പാർട്ടിയിലെ തന്നെ അസംതൃപ്തരാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിവാദങ്ങളെ തുടര്‍ന്ന് ഷാനവാസിനെ പാര്ട്ടിയില്‍നിന്ന് സസ്പെന്‍റ് ചെയ്ത സിപിഎം , അന്വേഷണത്തിനായി കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. കമീഷനെ നിയമിച്ച് മണിക്കൂറുകള്‍ക്കകം ലഹരിക്കടത്തില്‍ ഷാനവാസിനെതിരെ തെളിവില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പരസ്യമായി പ്രഖ്യാപിച്ചത് ഏറെ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam