
മാനന്തവാടി : വയനാട് മാനന്തവാടിയിൽ ആരോഗ്യ വിഭാഗം പരിശോധന. ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. മാനന്തവാടി നഗരസഭ ആരോഗ്യ വിഭാഗമാണ് പരിശോധന നടത്തിയത്. ഹോട്ടൽ പ്രീത, ഫുഡ് സിറ്റി, വിജയ എന്നീ ഹോട്ടലുകളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. പഴകിയ ചിക്കൻ ഫ്രൈ, മീൻ കറി, ദോശ, കാലാവധി കഴിഞ്ഞ ശീതളപാനിയങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.
അതേ സമയം, സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന തുടരുകയാണ്. എറണാകുളം പറവൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധക്ക് പിന്നാലെയാണ് സമീപത്ത് തന്നെയുള്ള കുമ്പാരീസ് ഹോട്ടലിൽ പഴകിയ ഭക്ഷണം കണ്ടെത്തിയത്.
read more 'ഭക്ഷ്യവിഷബാധ തുടര്‍ക്കഥ, ജനം ഭീതിയിൽ, പരിശോധന കർശനമാക്കണം': പ്രതിപക്ഷ നേതാവ്
അതിനിടെ കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. എന്നാൽ ഈ ബില്ലുകളിലുള്ള ഹോട്ടലുകളുടെ പേര് വിവരങ്ങൾ കളമശ്ശേരി നഗരസഭ പുറത്ത് വിട്ടിരുന്നില്ല. പ്രതിപക്ഷത്തിന്റെയും ഡിവെഎഫ്ഐയുടേയും പ്രതിഷേധത്തിന് പിന്നാലെ ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. 49 ഹോട്ടലുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്. എന്നാൽ പട്ടിക അപൂർണമെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ചില ഹോട്ടലുകളെ പട്ടികയിൽ നിന്നും നഗരസഭ ഒഴിവാക്കിയെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam