സംസ്ഥാനത്ത് നിബന്ധനകളോടെ കടകൾ തുറക്കാം; മാളുകളും സിനിമാ തിയേറ്ററുകളും അടഞ്ഞുതന്നെ, ഉത്തരവിറങ്ങി

By Web TeamFirst Published Apr 25, 2020, 8:12 PM IST
Highlights

പുതിയ മാർഗ നിർദേശം വന്നതോടെ ചെറുകിട ഫാൻസി, തുണിക്കടകൾ ഉൾപ്പടെ ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ്ര് ആക്റ്റിന് കീഴിലെ മുഴുവൻ ചെറുകിട കടകളും തുറക്കാനാകും. 

തിരുവനന്തപുരം: കേന്ദ്ര മാർഗ നിർദേശമനുസരിച്ച് കേരളത്തിലും ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുറക്കാനുള്ള മാർഗനിർദേശങ്ങളുമായി ഉത്തരവ് പുറത്തിറങ്ങി. മാളുകൾക്ക് എവിടെയും അനുമതിയില്ല.  കോർപ്പറേഷൻ, മുനിസിപ്പാലിറ്റി പരിധിയിൽ വാണിജ്യ സമുച്ചയങ്ങളൊളികെയുള്ള കടകൾ തുറക്കാം. ചെറുകിട വ്യവസായങ്ങളുടെയടക്കം കാര്യത്തിൽ കേരളം കൂടുതൽ ഇളവുകൾ തേടും.

ഗ്രാമ - നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്ത് മൊബൈൽ ഷോപ്പുകൾ, ചെറുകിട തുണിക്കടകൾ, ഫാൻസി ഷോപ്പുകൾ എന്നിവ തുറക്കാം. ഗ്രാമീണ മേലയിൽ വാണിജ്യ സമുച്ചയങ്ങൾക്കും തുറക്കാൻ അനുമതിയുണ്ട്. എന്നാൽ കോർപ്പറേഷൻ, നഗരസഭാ പരിധികളിൽ മാളുകൾക്ക് പുറമെ വണിജ്യസമുച്ചയങ്ങൾക്കും അനുമതിയില്ല. ചെറുകിട കടകൾക്ക് മാത്രമേ അനുമതിയുള്ളൂ.  എല്ലായിടത്തം 50 ശതമാനം ജീവനക്കാരെ പാടുള്ളൂ. മാസ്ക്, സാമൂഹിക അകലമടക്കം കർശന നിയന്ത്രണങ്ങൾ പാലിക്കണം.

വർക്ക് ഷോപ്പുകളുടെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നു. ദേശീയ- സംസ്ഥാന പാതകൾക്കരികിലെ വർക്ഷോപ്പുകൾ തുറക്കാനാണ് അനുമതി. ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ എന്നിവയ്ക്ക് ഇപ്പോഴും അനുമതിയില്ല. ജ്വല്ലറികളും തുറക്കില്ല. ഹോട്ടലുകളിൽ നേരത്തെ ഉള്ള ഇളവുകൾ മാത്രമാണ് ഉണ്ടാവുക. സംസ്ഥാനത്ത് ചെറുകിട വ്യവസായ യൂണിറ്റുകൾ കൂടി പ്രവർത്തനം തുടങ്ങാൻ സർക്കാർ നിർദേശം നൽകി. ഇവകൂടി സജീവമാവുന്നതോടെ കൂടുതൽ ഇളവുകൾ ചരക്കുനീക്കത്തിലടക്കം വേണ്ടി വരും.

ഓറഞ്ച്, ഗ്രീൻ സോണുകളിലും, ഹോട്ട്സ്പോട്ടല്ലാത്ത സ്ഥലങ്ങളിലും മാത്രമാണ് നിയന്ത്രണങ്ങളോടെ ആളുകൾക്ക് കടകളിൽ പോകാനാവുക. കൂടതൽ മേഖലകൾ തുറന്നു നൽകുന്ന കാര്യത്തിൽ കാര്യത്തിൽ 27ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ചർച്ചയാണ് നിർണായകമാവുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത്  കേന്ദ്രം നൽകുന്ന നിർദേശങ്ങൾക്കപ്പുറം കേരളം സ്വന്തം നിലയ്ക്ക് വലിയ ഇളവുകൾ തേടാൻ സാധ്യതയില്ല.

click me!