ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹങ്ങളെയും കാണാം, പൂട്ടുതുറക്കാൻ ഒരുങ്ങി ലയൺസഫാരി പാർക്ക്

Published : Jan 31, 2025, 07:44 AM IST
ഡാമിലെ കാഴ്ചകൾക്കൊപ്പം ഇനി സിംഹങ്ങളെയും കാണാം, പൂട്ടുതുറക്കാൻ ഒരുങ്ങി ലയൺസഫാരി പാർക്ക്

Synopsis

സിംഹങ്ങൾ ഓടിക്കളിച്ചിരുന്ന,തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ലയൺ സഫാരി പാർക്ക് തുറക്കാൻ നടപടികൾ ആരംഭിച്ചു. നെയ്യാർ ഡാമിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പാർക്കിന് സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാർക്കിന്റെ അംഗീകാരം റദ്ദാക്കിയത്

തിരുവനന്തപുരം: സിംഹങ്ങൾ ഓടിക്കളിച്ചിരുന്ന,തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നെയ്യാർ ലയൺ സഫാരി പാർക്ക് തുറക്കാൻ നടപടികൾ ആരംഭിച്ചു. നെയ്യാർ ഡാമിനുള്ളിൽ സ്ഥിതി ചെയ്തിരുന്ന പാർക്കിന് സിംഹങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു വേണ്ട വന വിസ്തൃതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 2021ൽ കേന്ദ്രം, പാർക്കിന്റെ അംഗീകാരം റദ്ദാക്കിയത്. എന്നാൽ, പാർക്ക് വിണ്ടും തുറന്നു നൽകണമെന്ന  നിരന്തര ആവശ്യത്തിനു പിന്നാലെ, കൂടുതൽ സ്ഥലം തയാറാക്കിയാൽ അനുമതി നൽകാമെന്ന് കേന്ദ്ര മൃഗശാലാ അതോറിറ്റി കഴിഞ്ഞ ദിവസം സ്ഥലം എംഎൽഎക്ക് മറുപടിക്കത്ത് നൽകിയതോടെയാണ് പാർക്ക് തുറക്കാൻ വീണ്ടും ചർച്ചകൾ ആരംഭിച്ചിരിക്കുന്നത്.

നെയ്യാർ വന്യജീവി സങ്കേതത്തിലെ വനഭൂമിയിൽ നിന്ന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് സിംഹ സഫാരി പാർക്ക് സ്ഥാപിക്കാമെന്നാണ് സ്ഥലം എംഎൽഎ സി.കെ. ഹരീന്ദ്രന്റെ നിലപാട്. ദ്വീപിൽ നിന്നും മറുകരയിലെ വന്യജീവി സങ്കേതത്തിലേക്ക് പാലം നിർമിച്ച് പ്രശ്നത്തിന് പരിഹാരം കാണാനാണ് ശ്രമം. വനം മന്ത്രി എ.കെ ശശീന്ദ്രൻ, വനം വകുപ്പ് അധികൃതർ എന്നിവരുമായി വിഷയം ചർച്ച ചെയ്‌ത് ഉടൻ പ്രൊപ്പോസൽ തയാറാക്കാനാണ് തീരുമാനം. സ്വദേശികളും വിദേശികളുമായി ധാരാളം സന്ദർശകർ എത്തിയിരുന്ന കേരളത്തിലെ ഒരേയൊരു ലയൺ സഫാരി പാർക്കായ നെയ്യാർ തന്നെയാണ് ഏഷ്യയിലെ ആദ്യത്തെ ലയൺ സഫാരി പാർക്കുമെന്ന് അധികൃതർ പറയുന്നു. 1984ൽ സ്ഥാപിച്ച ഈ പാർക്കിൽ പ്രത്യേകം കമ്പിവേലിയാൽ തീർത്ത കൂട്ടിലായിരുന്നു സിംഹങ്ങളെ പാർപ്പിച്ചിരുന്നത്. ഡാമിൽ നിന്നും ടിക്കറ്റെടുത്താൽ ബോട്ടിൽ ദ്വീപിലേക്കെത്തി വനം വകുപ്പിൻ്റെ പ്രത്യേക വാഹനത്തിൽ സിംഹങ്ങളെ അടുത്തുകാണാമായിരുന്നു.

തൃശൂർ മൃഗശാലയിൽ നിന്നെത്തിച്ച നാല് സിംഹങ്ങളുമായി നെയ്യാർ ഡാമിലെ മരക്കുന്നം ദ്വീപിൽ തുടങ്ങിയ പാർക്ക് ദേശീയ മൃഗശാലാ അതോറിറ്റി ലൈസൻസ് പുതുക്കി നൽകാത്തതിനാലാണ് അടച്ചുപൂട്ടേണ്ടി വന്നത്. അതോറിറ്റിയുടെ നിബന്ധനപ്രകാരം വലിയ മാംസഭുക്കുകളുടെ സഫാരി നടത്തുന്നതിന് പാർക്കിന് കുറഞ്ഞ വിസ്‌തീർണം 20 ഹെക്റ്റർ എങ്കിലും വേണം. നിലവിലെ പാർക്കിന് 4 ഹെക്റ്റർ വിസ്തൃതിയാണ് ഉള്ളത് എന്നതാണ് അടച്ചുപൂട്ടുന്നതിന് പ്രധാന കാരണമായി മാറിയത്. കൂടാതെ, വംശവർധന തടയാനായി സിംഹങ്ങളെ വന്ധ്യംകരിച്ചതും, ഉണ്ടായിരുന്ന സിംഹങ്ങൾ ചത്തതും പാർക്കിന് തിരിച്ചടിയായി. പുതിയ സിംഹങ്ങളെ എത്തിക്കാൻ അതോറിറ്റിയെ സമീപിച്ചതോടെയാണ് ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്.

പട്ടികവർഗ മേഖലയിൽ നിന്ന് ഉൾപ്പെടെയുള്ള 62 ദിവസ വേതന ജീവനക്കാർ ജോലി ചെയ്യുന്ന നെയ്യാർ വന്യജീവി സങ്കേതത്തിലെ പ്രധാന വരുമാന സ്രോതസായിരുന്നു ലയൺ സഫാരി പാർക്ക്. ഈ വന്യജീവി സങ്കേതത്തിലെ ശരാശരി ടൂറിസം വാർഷിക വരുമാനം ഒരു കോടി 24 ലക്ഷം രൂപയായിരുന്നത് പാർക്കിന്റെ പ്രവർത്തനം നിലച്ചതോടെ ഇപ്പോൾ 18 ലക്ഷം രൂപയായി ചുരുങ്ങി. വരുമാനം കുറഞ്ഞതിനാൽ ദിവസ വേതന ജീവനക്കാരുടെയും സമീപത്തെ കച്ചവടക്കാരുടെയും ജീവിതം പ്രതിസന്ധിയിലായി. കൂടുതൽ സ്ഥലം കണ്ടെത്തിയാൽ ലൈസൻസ് പുതുക്കി നൽകാമെന്ന് കേന്ദ്ര മൃഗശാലാ അതോറിറ്റി നിലപാടിൽ അയവു വരുത്തിയതോടെ എത്രയും വേഗം അനുയോജ്യമായ വനഭൂമി കണ്ടെത്തി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും അനുമതി നേടിയെടുത്ത് അതോറിറ്റിയെ സമീപിക്കാനാണ് നീക്കം.

വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വേകാൻ സ്റ്റാര്‍ട്ടപ്പ് ആശയങ്ങൾ: ടൂറിസം വകുപ്പും സ്റ്റാര്‍ട്ടപ്പ് മിഷനും ധാരണയായി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ