
കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ കോടതി നവംബർ നാലിന് വിധി പറയും. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. കേസിൽ 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്. ജൂലൈ 28 നാണ് 5 വയസുകാരി കൊല്ലപ്പെട്ടത്. ഒക്ടോബർ 4 നാണ് കേസിൽ വിചാരണ തുടങ്ങിയത്. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിൽ പ്രതി.
ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരി മകളെ ജൂലൈ 28 നാണ് തൊട്ടടുത്ത മുറിയിൽ പുതുതായി താമസിക്കാൻ വന്ന അസ്ഫാക് ആലം വിളിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായെന്ന വിവരം നടുക്കത്തോടെയാണ് കേരളം കേട്ടത്. സംസ്ഥാനത്തെമ്പാടും തിരച്ചിൽ ആരംഭിച്ച് വൈകാതെ തന്നെ അസ്ഫാക് ആലത്തെ പൊലീസ് പിടികൂടി. എന്നാൽ ഇയാൾ ലഹരിയുടെ സ്വാധീനത്തിലായിരുന്നു. രാവിലെ വരെ കാത്തിരുന്നിട്ടും പ്രതി ലഹരിയുടെ സ്വാധീനത്തിൽ നിന്ന് വിട്ടിരുന്നില്ല.
അതിനിടയിലാണ് ജൂലൈ 29 ന് രാവിലെ ആലുവ മാർക്കറ്റ് പരിസരത്ത് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അസ്ഫാക് ആലം കുട്ടിയെ കൂട്ടി കടയിൽ പോയി ജ്യൂസ് വാങ്ങി നൽകി ഇവിടെ നിന്നും കൂട്ടിക്കൊണ്ടുപോയതാണ്. പിന്നീട് പ്രതിയുടെ സിസിടിവി ദൃശ്യമടക്കം കിട്ടിയിരുന്നു.
അസ്‌ഫാക് ആലം മാത്രമാണ് കേസിലെ ഏക പ്രതി. കൊലപാതകം ബലാൽസംഗം തട്ടിക്കൊണ്ടുപോകൽ തെളിവ് നശിപ്പിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 41 സാക്ഷികളുടെ വിസ്താരം കേസിൽ നടന്നു. ദ്വിഭാഷിയുടെ സഹായത്തോടെയാണ് പ്രതി അസ്‌ഫാക് ആലത്തെ വിസ്തരിച്ചത്. തനിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നായിരുന്നു കേസിൽ പ്രതിയുടെ വാദം.
കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കിയ പൊലീസ് 30 ദിവസത്തിനുള്ളിൽ കോടതിയിൽ കുറ്റപത്രം. പിന്നാലെ അതീവ ഗൗരവമുള്ള കേസായി പരിഗണിച്ച് അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam