
കൊച്ചി : ഒരു നാടിനെ ആകെ വേദനയിലാക്കിയ ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയുടെ തിരിച്ചറിയൽ പരേഡ് തുടങ്ങി. സാക്ഷികളായ ആലുവ മാർക്കെറ്റിലെ സി.ഐ.ടി.യു നേതാവ് താജുദീൻ, പ്രതി കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടർ സന്തോഷ്, ബസിലെ യാത്രക്കാരി സുസ്മിത എന്നീ സാക്ഷികളാണ് തിരിച്ചറിയൽ പരേഡിനെത്തിയത്. സാക്ഷികളെ സബ് ജയിലിലെത്തിച്ചാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്.
പ്രതിയെ അസ്ഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീൻ തിരിച്ചറിൽ പരേഡിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലേക്ക് പോകുന്നത് താജുദ്ദീൻ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്നും എന്തിനാണ് മാർക്കറ്റിലേക്ക് വന്നതെന്നും ചോദിച്ച് താജുദ്ദീൻ പ്രതിയെ ചോദ്യം ചെയ്യുകയുമുണ്ടായി. എന്നാൽ തന്റെ കുഞ്ഞാണെന്നും മദ്യപിക്കാൻ വന്നതാണെന്നുമായിരുന്നു പ്രതിയുടെ മറുപടി. ഇത് സത്യമെന്ന് താജുദ്ദീൻ വിശ്വസിച്ചു. പിറ്റേദിവസം മാധ്യമങ്ങളിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന വിവരം താജുദ്ദീൻ അറിഞ്ഞത്. കുഞ്ഞുമായി പോകുന്നത് കണ്ടെങ്കിലും തടയാൻ കഴിയാതെ പോയതിൽ അതിയായ ദുഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും സാക്ഷി താജുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതേ സമയം, കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തിൽ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ഇത്തരമൊരു കൊലപാതകം ആദ്യത്തേതാണോ, മുമ്പ് പ്രതി സമാന കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ പരിശോധനക്കാണ് പൊലീസ് നീങ്ങുന്നത്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ അടക്കം 9 കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെയുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam