വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി, പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

Published : Feb 12, 2022, 11:01 AM ISTUpdated : Feb 12, 2022, 02:42 PM IST
വിനീത അഞ്ചാമത്തെ ഇര, മുമ്പ് നാല് കൊലപാതകം നടത്തി, പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടും കുറ്റവാളി

Synopsis

വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവന്‍റെ സ്വര്‍ണ്ണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. 

തിരുവനന്തപുരം: അമ്പലമുക്ക് കൊലക്കേസ് (Ambalamukku Murder) പ്രതി ആരുവായ്മൊഴി രാജേന്ദ്രന്‍ കൊടുംകുറ്റവാളി. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്. 2014 ൽ ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് രാജേന്ദ്രൻ കൊന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ സുബ്ബയ്യ, ഭാര്യ വസന്തി, മകൾ അബി ശ്രീ എന്നിവരെയാണ് കൊലപ്പെടുത്തിയത്. സ്വർണ്ണം മോഷ്ടിക്കാൻ മറ്റൊരു കൊലപാതകവും ചെയ്തിട്ടുണ്ട്. പക്ഷ ഒരു കേസിലും ഇതുവരെ ശിക്ഷിച്ചിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. മോഷണത്തിന്‍റെ ഭാഗമായിട്ടായിരുന്നു കൊലപാതകങ്ങളെല്ലാം.

അമ്പലമുക്ക് കൊലപാതക കേസില്‍ ഇന്നലെയാണ് രാജേന്ദ്രനെ പൊലീസ് പിടികൂടിയത്. പൊലീസ് സംഘം തമിഴ്നാട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. അമ്പലമുക്കിൽ നിന്നും ഓട്ടോയിൽ കയറി മുട്ടട ഇറങ്ങിയ പ്രതി മറ്റൊരു സ്കൂട്ടറിൽ കയറി ഉള്ളൂരിലിറങ്ങി. ഇവിടെ നിന്നും ഒരു ഓട്ടോയിൽ കയറി പേരൂർക്കട ഇറങ്ങിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പൊലീസിന് വിവരം കൈമാറിയത്.

വിനീതയെ കൊലപ്പെടുത്തി മോഷ്ടിച്ച നാലരപവന്‍റെ സ്വര്‍ണ്ണമാല കണ്ടെത്തി. കന്യാകുമാരി അഞ്ചുഗ്രാമത്തിലെ സ്വര്‍ണ്ണപ്പണയ സ്ഥാപനത്തില്‍ നിന്നാണ് മാല കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് അമ്പലമുക്കില്‍ ചെടി വിൽപ്പന നടത്തുന്ന കടയിലെ ജീവനക്കാരി വിനീത കൊല്ലപ്പെട്ടത്. കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അവധിയായിട്ടും ചെടികള്‍ക്ക് വെള്ളമൊഴിക്കാനെത്തിയ യുവതിയെ 11 മണിവരെ സമീപവാസികള്‍ പുറത്തുകണ്ടിരുന്നു.

അതിന് ശേഷം നഴ്സറിയില്‍ ചെടിവാങ്ങാനെത്തിയ ചിലര്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് ബോര്‍ഡില്‍ എഴുതിയിരുന്ന നമ്പരില്‍ ഉടമസ്ഥനെ വിളിച്ചു. വിനീത കടയിലുണ്ടെന്ന് ഉടമ പറഞ്ഞെങ്കിലും ആരും ഇല്ലെന്ന് ചെടിവാങ്ങാനെത്തിയവര്‍ മറുപടി നല്‍കി. സംശയം തോന്നിയ ഉടമസ്ഥൻ മറ്റൊരു ജീവനക്കാരിയെ ഇവിടേക്ക് പറഞ്ഞയച്ചു. ഇവരെത്തി പരിശോധിച്ചപ്പോഴാണ് നഴ്സറിയുടെ ഇടത് വശത്തെ ഇടുങ്ങിയ സ്ഥലത്ത് വളം വയ്ക്കുന്ന സ്ഥലത്ത് ടാര്‍പ്പോളിനടിയില്‍ മൃതദേഹം കണ്ടത്. പുല്ല് വെട്ടുന്ന കത്തി ഉപയോഗിച്ച് കഴുത്തില്‍ മൂര്‍ച്ചയേറിയ മൂന്ന് കുത്തേറ്റാണ് മരണം സംഭവിച്ചത്. 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം