
ആലപ്പുഴ: കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
ആൻ്റിജൻ പരിശോധനയിൽ ഇയാളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും കൊട്ടാരക്കര ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. പ്രതിക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവശേഷം പ്രതി മാപ്പ് പറയുന്ന ശബ്ദസന്ദേശം അടക്കമുള്ള തെളിവുകൾ പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ആരോഗ്യ മന്തിയുടെ നിർദേശ പ്രകാരം നൗഫലിനെ 108 ആംബുലൻസ് സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കും. നിലവിൽ പ്രാഥമിക ചികിത്സ കേന്ദ്രത്തിലെ പ്രത്യേകം മുറിയിലാണ് പെൺകുട്ടിയെ പാർപ്പിച്ചിരിക്കുന്നത്.
അടൂർ വടക്കേടത്ത്കാവിൽ നിന്ന് രണ്ട് കൊവിഡ് രോഗികളുമായി പ്രഥമിക ചികിത്സ കേന്ദ്രത്തിലേക്ക് പോകുകയായിരുന്നു നൗഫലിന്റെ ആംബുലൻസ്. പീഡനത്തിനരയായ പെൺകുട്ടിയെ പന്തളത്തെ ചികിത്സ കേന്ദ്രത്തിലും ഒപ്പമുണ്ടിയിരുന്ന 42 കാരിയെ കോഴഞ്ചേരി ജനറൽ ആശുപത്രിയിലേക്കും എത്തിക്കാനായിരുന്നു ആരോഗ്യ വകുപ്പിന്റെ നിർദേശം. അടൂരിന് തൊട്ടടുത്തുള്ള പന്തളത്ത് പെൺകുട്ടിയെ ഇറക്കാതെ 18 കിലോമീറ്റർ അകലെയുള്ള കോഴഞ്ചേരി ആശുപത്രിയിൽ 42 കാരിയായ സ്ത്രീയെ ഇറക്കിയ ശേഷം തിരിച്ചുവന്നാണ് പെൺകുട്ടിയെ പന്തളത്ത് എത്തിച്ചത്.
ഇതിനിടയിൽ ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത വിജനമായ സ്ഥലത്ത് ആംബുലൻസ് നിർത്തിയിട്ടാണ് നൗഫൽ പെൺകുട്ടിയെ ആക്രമിച്ചത്. സംഭവം കഴിഞ്ഞ് പെൺകുട്ടിയെ ചികിത്സ കേന്ദ്രത്തിലെത്തിച്ച ശേഷം നൗഫൽ ആംബുലൻസുമായി കടന്നു കളഞ്ഞു. പെൺകുട്ടി രാത്രി തന്നെ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്നാണ് നൗഫലിനെ അറസ്റ്റ് ചെയ്തത്.
കൊവിഡ് രോഗികളുമായി പോകുന്ന വാഹനത്തിൽ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം ഉണ്ടാവണമെന്ന നിർദേശം പാലിക്കാതെയാണ് ആംബുലൻസ് ഡ്രൈവർ ഒറ്റക്ക് രണ്ട് സ്ത്രീകളുമായി ചികിത്സ കേന്ദ്രത്തിലേക്ക് പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam