ആരോഗ്യമന്ത്രി ഇടപെട്ടു; ആംബുലൻസ് അമൃതയിലേക്ക്; ചികിത്സ ചിലവ് സർക്കാർ വഹിക്കും

By Nikhil PradeepFirst Published Apr 16, 2019, 3:32 PM IST
Highlights

അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. KL-60 - J 7739 എന്ന നമ്പർ ആംബുലൻസിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അപകടകരമായതിനാൽ എയർ ലിഫ്റ്റിങ് സാധിക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. ഇതിനാലാണ് വ്യോമമാർഗ്ഗം ഉപേക്ഷിച്ചത്.
 
തിരുവനന്തപുരം: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്‌ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കില്ല. കുഞ്ഞിനെ അമൃത ആശുപത്രിയിലേക്ക് മാറ്റും. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ഷൈലജ വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് തീരുമാനം.  ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സ ചിലവും സർക്കാർ വഹിക്കാനും തീരുമാനമായി.

അമൃത ആശുപത്രിയിൽ ഡോക്ടർമാരായ ബ്രിജേഷ്, കൃഷ്ണകുമാർ എന്നിവർ കുഞ്ഞിനെ പരിശോധിക്കും.  ഇന്ന് രാവിലെ 11.15 നാണ് മംഗലാപുരത്ത് നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്. കാസർഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള  കുഞ്ഞിനെയാണ് ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. തിരുവനന്തപുരം ശ്രീചിത്രയിലേക്കാണ് കുഞ്ഞിനെ ചികിത്സയ്ക്കായി കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാൽ ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

click me!