ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനോട് നാല് ദിവസം പൂര്‍ണമായി വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇതേത്തുടർന്ന് മാർച്ച് രണ്ടാം തീയതി വരെയുള്ള മന്ത്രിയുടെ പരിപാടികൾ റദ്ദാക്കി. മന്ത്രിയുള്ളത് പത്തനംതിട്ടയിലെ വീട്ടിൽ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്‍റെ മാര്‍ച്ച് രണ്ടാം തീയതി വരെയുള്ള പരിപാടികള്‍ മാറ്റിവച്ചതായി ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മന്ത്രിയെ മെഡിക്കല്‍ ബോര്‍ഡിന്‍റെ നിര്‍ദേശാനുസരണം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. നാല് ദിവസം പൂര്‍ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ തുടരുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫോളോ അപ്പ് ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലെ വീട്ടിലാണ് മന്ത്രി വിശ്രമത്തിലുള്ളതെന്നും ഓഫീസ് അറിയിച്ചു.
കണ്ണൂര്‍ പരിയാരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെട്ട ആരോഗ്യ മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നില്ല. പരിയാരത്ത് നിന്ന് തുടർചികിത്സയ്ക്ക് റഫർ ചെയ്തത് തിരുവനന്തപുരത്തേക്കായിരുന്നു. ഇതോടെ കേരളത്തിന്‍റെ ആരോഗ്യ മന്ത്രി വീണ ജോർജ് എവിടെയെന്ന ചോദ്യവുമായി കെഎസ്‍യു അടക്കം രംഗത്ത് വന്നിരുന്നു. യാത്ര ചെയ്യാൻ പോലും കഴിയാത്തവിധം ഗുരുതരമായ പരിക്കുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ ഇറങ്ങിയത് ഇന്നലെ വൈകിട്ടായിരുന്നു. ഇടയ്ക്ക് പത്തനംതിട്ട വീട്ടിലേക്ക് പോകുമെന്നും കോട്ടയത്ത് ഏതോ സ്വകാര്യ ആയുർവേദ ഉഴിച്ചിൽ കേന്ദ്രത്തിലേക്ക് പോകുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ, എവിടെയും മന്ത്രി എത്തിയതായി ഒരു വിവരവും ഇതുവരെ ഇല്ലെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് പി മുഹമ്മദ് ഷമ്മാസ് പരിഹസിച്ചിരുന്നു. മന്ത്രിയുടെ ഓഫീസിനും പാർട്ടിക്കും മറുപടി ഉണ്ടോയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വീണാ ജോർജിന് ട്രോഫി അയച്ച് കെഎസ്‍യു
നേരത്തെ, ആരോഗ്യമന്ത്രി വീണാ ജോർജിന് ട്രോഫിയും മെഡിക്കൽ നെക്ക് കോളറും തപാൽ വഴി അയച്ച് നൽകി കെഎസ്‍യു പരിഹസിച്ചിരുന്നു. വായുവിൽ പരിക്കേറ്റ മികച്ച അഭിനയ മന്ത്രിക്കുള്ള അവാർഡെന്നാണ് കെഎസ്‍യുവിന്‍റെ പരിഹാസം. സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിയുടെ നേതൃത്വത്തിലാണ് ട്രോഫി അയച്ചത്. ആരോഗ്യ മന്ത്രി വായുവിലൂടെ പരിക്ക് പറ്റിയെന്ന് പറഞ്ഞാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കെഎസ്‍യു ആരോപിച്ചു. തിരുവനന്തപുരത്തും കെഎസ്‍യു സമരവുമായി മുന്നോട്ട് പോകുമെന്നും കരിങ്കൊടിയുമായ വരുന്നത് കേരളത്തിലെ ആരോഗ്യ രംഗം ഐസിയുവിൽ ആയത് കൊണ്ടാണെന്നും ഫർഹാൻ മുണ്ടേരി പറഞ്ഞു.


