കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ; മോഷ്ടാവിനായി തിരച്ചിൽ

By Web TeamFirst Published Jul 13, 2022, 9:40 PM IST
Highlights

ഓട്ടം കഴിഞ്ഞെത്തിയ ഡ്രൈവർ ആശുപത്രിക്ക് മുന്നിൽ നിന്ന് ചായ കുടിക്കാൻ ആംബുലൻസിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം

കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്ത് നിന്നാണ് ആംബുലൻസ് കണ്ടെത്തിയത്. ആംബുലൻസ് മോഷ്ടിച്ചയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയ്ക്ക് മുന്നിൽ നിന്ന് ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ആംബുലൻസ് മോഷണം പോയത്. ഒരു ഓട്ടം കഴിഞ്ഞെത്തിയതായിരുന്നു ആംബുലൻസ്. വണ്ടി ആശുപത്രിക്ക് സമീപം നിർത്തിയ ശേഷം ഡ്രൈവർ ആശുപത്രിക്ക് മുന്നിൽ നിന്ന് ചായ കുടിക്കാൻ ആംബുലൻസിൽ നിന്ന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. ഈ സമയത്ത് ആംബുലൻസിന്റെ താക്കോൽ ഊരിയെടുക്കാൻ ഡ്രൈവർ മറന്നുപോയിരുന്നു. ഡ്രൈവർ ചൈയ കുടിക്കാൻ പോയ തക്കം നോക്കി മോഷ്ടാവ് ആംബുലൻസുമായി സ്ഥലത്ത് നിന്ന് കടന്ന് കളയുകയായിരുന്നു.

കരുനാഗപ്പള്ളി സ്വദേശി ജോതിഷിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് മോഷണം പോയ ആബുലൻസ്. വാഹനം മോഷണം പോയെന്ന് മനസിലാക്കി, പുലർച്ചെ തന്നെ ജോതിഷ് പൊലീസിൽ പരാതി നൽകി. മോഷണ വിവരം ആംബുലൻസ് ഡ്രൈവർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും പറന്നു. ഇതിന് പിന്നാലെ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയും സംസ്ഥാനമൊട്ടാകെ തെരച്ചിൽ തുടങ്ങി. മണിക്കൂറുകൾക്ക് ശേഷം എറണാകുളം ഹൈക്കോടതിക്ക് സമീപം ആംബുലൻസ് കണ്ടെന്ന് വിവരം കിട്ടി.

ഇക്കാര്യം പൊലീസിൽ അറിയിച്ചതിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ആംബുലൻസ് കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു ഇതുണ്ടായിരുന്നത്. ആംബുലൻസിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. എന്തെങ്കിലും സാധനങ്ങൾ കടത്താനാണോ ആംബുലൻസ് മോഷ്ടിച്ചതെന്നാണ് സംശയം. ആംബുലൻസ് സഞ്ചരിച്ച വഴിയിലെ സിസിടിവികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

click me!