'ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്'; അന്നത്തെ പത്രവാര്‍ത്തയുമായി പി ജയരാജന്‍

Published : Jul 13, 2022, 09:13 PM IST
'ഇഎംഎസിനെ തോല്‍പ്പിക്കാന്‍  ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്'; അന്നത്തെ പത്രവാര്‍ത്തയുമായി പി ജയരാജന്‍

Synopsis

1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് അന്നത്തെ പത്രവാര്‍ത്ത പുറത്ത് വിട്ട് ജയരാജന്‍ പറയുന്നത്.

കണ്ണൂര്‍: ജനസംഘമുണ്ടായിരുന്ന കാലത്ത് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ അവര്‍ക്കൊപ്പം കൂട്ടുകൂടിയത് കോണ്‍ഗ്രസ് ആണെന്ന് സിപിഎം നേതാവ് പി ജയരാജന്‍. 1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കോണ്‍ഗ്രസ് ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് അന്നത്തെ പത്രവാര്‍ത്ത പുറത്ത് വിട്ട് ജയരാജന്‍ പറയുന്നത്.

അന്ന് മണ്ഡലത്തിലെ ജനസംഘം സ്ഥാനാര്‍ത്ഥിയായിരുന്ന പി മാധവമേനോന്‍ കോണ്‍ഗ്രസിന് വേണ്ടി തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിക്കെതിരെ ഒരു സ്ഥാനാര്‍ഥി മതി എന്നാണ് അന്നത്തെ ജനസംഘം നേതാക്കള്‍ വ്യക്തമാക്കിയത്. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം പത്രം പ്രസിദ്ധീകരിച്ചുവെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പി ജയരാജന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

പിണറായി വിജയന്‍ 1977ലെ തിരഞ്ഞെടുപ്പില്‍ RSSന്റെ അന്നത്തെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസംഘവുമായി കൂട്ടുകൂടി ജയിച്ച് MLA ആയി എന്നാണ് കോണ്‍ഗ്രസ്സുകാര്‍ ഇപ്പോള്‍ നടത്തുന്ന നുണ പ്രചരണം. 1977ലെ തിരഞ്ഞെടുപ്പ് കാലത്ത് ജനസംഘം എന്ന രാഷ്ട്രീയ പാര്‍ട്ടി നിലവിലുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ CPIM ജനസംഘവുമായി കൂട്ടുകൂടി എന്ന വാദത്തിന് അര്‍ത്ഥമേയില്ല.
 അതേ സമയം ജനസംഘമുണ്ടായിരുന്ന കാലത്ത് ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്. 1957ലെ പ്രഥമ കേരള തിരഞ്ഞെടുപ്പില്‍ സ: ഇ.എം.എസ്‌ന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വന്നത്. ആ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി തകര്‍ത്തത് കോണ്‍ഗ്രസ്സാണ്. തുടര്‍ന്ന് 1960ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടാമ്പി അസംബ്ലി മണ്ഡലത്തില്‍ മത്സരിച്ച ഇ.എം.എസ്‌നെ തോല്‍പ്പിക്കാന്‍ ജനസംഘവുമായി കൂട്ടുകൂടിയത് കോണ്‍ഗ്രസ്സാണ്. പക്ഷെ ഈ കൂട്ടുകെട്ടിനെ തോല്‍പിച്ച് ഇ.എം.എസ്. ജയിക്കുക തന്നെ ചെയ്തു. ഈ ചരിത്ര യാധാര്‍ത്ഥ്യം വെളിപ്പെടുത്തുന്ന ഒരു പത്ര വാര്‍ത്തയാണ് ഇതോടൊപ്പമുള്ളത്. 'മാതൃഭൂമി' 1960 ജനുവരി 8ന്റെ തീയ്യതി വെച്ച് നല്‍കിയ റിപ്പോര്‍ട്ടാണിതില്‍. ഈ മണ്ഡലത്തിലെ ജനസംഘം സ്ഥാനാര്‍ത്ഥി പി. മാധവമേനോന്‍ കോണ്‍ഗ്രസിന് വേണ്ടി തന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചു. കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥിക്കെതിരെ ഒരു സ്ഥാനാര്‍ത്ഥി മതി എന്നാണ് അന്നത്തെ ജനസംഘം നേതാക്കള്‍ വ്യക്തമാക്കിയത്. പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം പത്രം പ്രസിദ്ധീകരിച്ചു.
 കോണ്‍ഗ്രസ് RSS കൂട്ടുകെട്ടിന്റെ കേരള ചരിത്രം പിന്നെയും തുടര്‍ന്നു. 1960ല്‍ മാധവമേനോന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് കോണ്‍ഗ്രസിന് പിന്തുണ നല്‍കിയെങ്കില്‍ 1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ RSSന്റെ നോമിനി ഡോ. മാധവന്‍ കുട്ടിയെ കോണ്‍ഗ്രസും ലീഗും പിന്‍താങ്ങുകയായിരുന്നു. എന്നിട്ടും കോ-ലീ-ബി സഖ്യ സ്ഥാനാര്‍ത്ഥി ദയനീയമായി തോറ്റു
 ഇപ്പോള്‍ കേരളത്തില്‍ അധികാരത്തിലുള്ള പിണറായി സര്‍ക്കാരിനെതിരെ അത്തരമൊരു കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കയാണ്. RSSനോടുള്ള കോണ്‍ഗ്രസിന്റെ മൃദുത്വ നിലപാടാണ് ഇപ്പോള്‍ വെളിപ്പെട്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ RSSന്റെ പിന്തുണ തേടി കാര്യാലയത്തില്‍ കയറിയത് ഇപ്പോള്‍ നേതാക്കള്‍ തന്നെ വിളിച്ചുപറയാന്‍ തുടങ്ങി. ഇതില്‍ യാതൊരു അതിശയവുമില്ല. ഇടതുപക്ഷത്തെ എതിര്‍ക്കാന്‍ RSSനേയും ജമാഅത്തെ ഇസ്ലാമിയേയും മാറി മാറി കൂട്ടുപിടിക്കാന്‍ ഉളുപ്പും നാണവുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിൽ എന്ത് നീതിയെന്ന് പാർവതി തിരുവോത്ത്; മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും പ്രതികരണം
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ