
ദില്ലി: പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാം വധശിക്ഷക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. വധശിക്ഷയുടെ ഭരണഘടന സാധുതയും കൂടി ചോദ്യം ചെയ്താണ് ഹർജി നൽകിയത്. നിരപരാധിയെന്ന് തെളിക്കാൻ കഴിയുന്ന തെളിവുകളുണ്ടെന്നാണ് പ്രധാനമായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ,ശ്രീറാം പാറക്കാട്ട് എന്നിവരാണ് അമീറുലിന് വേണ്ടി ഹർജി സമർപ്പിച്ചത്.
നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണക്കോടതി നൽകിയ വധശിക്ഷ കഴിഞ്ഞ മെയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസാം സ്വദേശി അമീറുൾ ഇസ്ലാമിനെ വധശിക്ഷക്ക് വിധിച്ചത്. ഡിഎൻഎ അടക്കം സർക്കാർ ഹാജരാക്കിയ സുപ്രധാന തെളിവുകളെല്ലാം വിശ്വസനീയമാണെന്നും വിധിന്യായത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നു.
അടച്ചുറപ്പില്ലാത്ത വീട്ടില്‍ ജീവിച്ച പെൺകുട്ടിയാണ് ഇര, ആ അമ്മയുടെ കണ്ണീര്‍ മറക്കില്ല: ബി സന്ധ്യ
2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിയ്ക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർഥിനിയായ യുവതി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്നും പൊലീസ് കണ്ടെത്തി. കൊലയാളിയുടെ ഡിഎൻഎ വിവരങ്ങൾ പൊലീസിന് കിട്ടി. എന്നാൽ നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎൻഎ ചേർന്നില്ല. ഇതോടെ പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിച്ചു. മരണവുമായി ബന്ധപ്പെട്ട് ജിഷയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തു. 25 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നും പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു. പ്രതിയായ അമീറുൽ ഇസ്‌ലാമിനെ തമിഴ്നാട്ടിൽ നിന്ന് അറസ്റ്റു ചെയ്തു. ഊരും പേരും മാറ്റി കാർ വർക്ക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു പ്രതിയെന്നാണ് പൊലീസ് കണ്ടെത്തൽ. കൊലപാതകം, ബലാൽസംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുൾ ഇസ്ലാമിനെതിരെ കോടതിയിൽ തെളിഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam