
തിരുവനന്തപുരം: തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ ഇതുവരെയും കണ്ടെത്താനായില്ല. അപകടം നടന്ന ഭാഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉളളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ട് പോകാൻ സാധിച്ചില്ല. മാൻഹോളിലെ പരിശോധനക്കായി റോബോട്ടിനെ സ്ഥലത്തെത്തിച്ചു. മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചത്.
മാലിന്യം നീക്കിയ ശേഷം രാത്രിയിലും പരിശോധന തുടരുകയാണ്. റെയിൽവേ സ്റ്റേഷന്റെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിന് ചേർന്നുള്ള മാൻഹോൾ തുറക്കാനാണ് ഇനി നീക്കം. മാലിന്യം മാറ്റിയ ശേഷം മാത്രമേ ഇനി തിരച്ചിൽ നടത്താൻ കഴിയുകയുളളു. ഒരാൾക്ക് മാത്രം ഇറങ്ങാവുന്ന മാൻഹോളിലേക്ക് ആളുകൾ ഇറങ്ങുന്നത് അപകടകരമെന്ന് കണ്ടാണ് മാലിന്യം നീക്കാൻ റോബോട്ടിനെ എത്തിച്ചത്. ടെക്നോപാർക്കിലെ ജെൻ റോബോട്ടിക്സ് കമ്പിനിയുടെതാണ് റോബോട്ട്. റോബോട്ടിനെ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ എത്തിക്കും. ഇവിടെ നിന്ന് മാൻ ഹോളിൽ ഇറങ്ങി മാലിന്യങ്ങൾ നീക്കും. ഒപ്പം ജോയിക്കായി തിരച്ചിലും നടത്തും. റോബോട്ടിൻ്റെ പ്രവർത്തനങ്ങൾ മോണിറ്റർ വഴി നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് റോബോട്ടിനെ എത്തിക്കാൻ തീരുമാനമെടുത്തത്.
ഇവിടെ നിന്നും എങ്ങനെ മാലിന്യ നീക്കുമെന്ന കാര്യത്തിൽ കളക്ടറുടെ ചർച്ച നടക്കുകയാണ്. സ്‌കൂബ ഡൈവിംഗിന്റെ ഒരു ടീം ഇവിടെ തുടരുന്നുണ്ട്. മാലിന്യം മാറ്റുന്നതിന് അനുസരിച്ച് തിരച്ചിൽ തുടരും. രാവിലെ 11. 30 തിനാണ് അപകടമുണ്ടായത്. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയത് മേയറും കളക്ടറുമടക്കം രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്ഥലത്ത് തുടരുകയാണ്. ട്രാക്കിനിടയിലെ മാൻഹോളുകളിലും പരിശോധന നടത്താനുള്ള ശ്രമത്തിലാണ് സംഘം. കോർപ്പറേഷന്റെ താൽക്കാലിക ജീവനക്കാരനാണ് മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ്. തോട് വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് കാണാതായത്.
അപകടമുണ്ടായ സ്ഥലം റെയിൽവേയുടേത്, മാലിന്യം മാറ്റാത്തതിലും ഉത്തരവാദിത്തം : മന്ത്രി
അപകടമുണ്ടായ സ്ഥലം റെയിൽവേയുടേതാണെന്നും ആമയിഴഞ്ചാൻ തോടിന്റെ റെയിൽവേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാൻ റെയിൽവേ ഒരിക്കലും സംസ്ഥാന സർക്കാരിനെയോ തിരുവനന്തപുരം കോർപ്പറേഷനെയോ അനുവദിക്കാറില്ലെന്നും മന്ത്രി വി ശിവൻകുട്ടി . പ്രദേശത്ത് ശുചീകരണം നടത്താമെന്ന് സർക്കാർ പറയുമ്പോൾ റെയിൽവേ സമ്മതിക്കാറില്ല. മാലിന്യം നീക്കാനുളള നടപടികളൊന്നും റെയിൽവേ സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു. 1995ൽ മേയറായിരുന്നപ്പോഴും ഇപ്പോൾ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. എന്നാൽ ഈ യോഗങ്ങളോടെല്ലാം നിഷേധാത്മക നിലപാടാണ് റെയിൽവേ സ്വീകരിച്ചത്'. ഇപ്പോഴുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam