തിരുവനന്തപുരം: മോട്ടോർ വാഹന നിയമത്തിൽ വൻപിഴ ഒഴിവാക്കാൻ ഭേദഗതിക്ക് സർക്കാർ നീക്കം. പിഴ കുറച്ച് ഓർഡിനൻസ് ഇറക്കുന്നതിന്‍റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. വൻപിഴ ഈടാക്കുന്നത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തിലാണ് നീക്കം.
മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.
ഈ പഴുതാണ് കേരളം ഉപയോഗിക്കാൻ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.
എന്നാൽ കോടതിയിൽ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. ഓണനാളുകളിൽ പരിശോധന കർശനമാക്കേണ്ടതില്ലെന്നും ആലോചനയുണ്ട്. മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ഫോൺവഴി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി. കനത്ത പിഴ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കം രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ ജനരോഷം ഉയരുന്നത് ഒഴിവാക്കാൻ കൂടിയാണ് പുതിയ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam