
കൊല്ലം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിൽ സുരക്ഷവീഴ്ചയില്ലെന്ന് പൊലിസ്. വി വി ഐ പി എത്തുന്നതിന് മുന്നെ മുഴുവൻ പ്രതിഷേധക്കാരെയും മാറ്റിയിരുന്നു. ഒരു സെക്കൻഡ് പോലും അമിത് ഷായുടെ വാഹനവ്യൂഹം തടസ്സപ്പെട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. ജാമർവാഹനം വരുന്നതിന് മുമ്പാണ് പ്രതിഷേധക്കാർ എത്തിയത്. ഒരു വാഹനത്തിനുള്ളിലിരുന്നവർ പെട്ടെന്ന് ചാടി ഇറങ്ങുകയായിരുന്നു. കരിങ്കൊടി കാണിക്കാൻ ശ്രമിച്ചെങ്കിലും വാഹനവ്യൂഹം എത്തുന്നതിന് മുന്നേ തന്നെ പ്രതിഷേധക്കാരെ മാറ്റി. കേന്ദ്ര ആഭ്യന്തരമന്ത്രി പ്രതിഷേധക്കാരെ കണ്ടിട്ടില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ബി ജെ പി നൽകിയ പരാതിയിലടക്കമുള്ള വിശദീകരണമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന പരാതിയുമായാണ് ബി ജെ പി രംഗത്തെത്തിയത്. ബി ജെ പി നിയമസഭാ കക്ഷി നേതാവും എം എൽ എയുമായ ബി ബി ഗോപകുമാർ ഇത് സംബന്ധിച്ച പരാതി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിരുന്നു. സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തണമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമായിരുന്നു ആവശ്യം. കൊല്ലം ആശ്രാമം മൈതാനത്ത് വിമാനമിറങ്ങി വാഹനവ്യൂഹത്തിൽ സഞ്ചരിക്കുകയായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നേരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയതാണ് വിവാദത്തിന് കാരണമായത്. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, വി വി ഐ പി വാഹനം കടന്നുപോയ വഴിയിൽ വെറും 50 മീറ്റർ മാത്രം അകലേക്ക് പ്രതിഷേധക്കാർക്ക് എത്താൻ സാധിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. ഇതൊരു സാധാരണ പ്രതിഷേധ സംഭവമായി കണ്ട് നിസ്സാരവത്കരിക്കാൻ സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.
അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക കരിങ്കൊടി പ്രതിഷേധവുമായി ബി ജെ പിയും യുവമോർച്ചയും രംഗത്തെത്തിയിരുന്മു. കേന്ദ്ര ആഭ്യന്തര മന്ത്രിയെ കരിങ്കൊടി കാണിച്ചതിൽ പ്രകോപിതരായ യുവമോർച്ച പ്രവർത്തകർ, മുഖ്യമന്ത്രി വി ഡി സതീശൻ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പ്രിയങ്ക ഗാന്ധി എം പി, മറ്റ് മന്ത്രിമാർ എന്നിവർക്കെതിരെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam