മമത കാട്ടുന്നത് അനീതി; അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സഹകരിക്കണമെന്ന് അമിത് ഷാ

By Web TeamFirst Published May 9, 2020, 11:00 AM IST
Highlights

ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു

ദില്ലി: അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കുന്നതിന് സഹകരിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കത്തെഴുതി. ബംഗാളിൽ നിന്നുള്ള അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കത്തിൽ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ പശ്ചിമ ബംഗാൾ സ്വദേശികൾ നാട്ടിലേക്ക് മടങ്ങാനാവാതെ കടുത്ത ആശങ്കയിലാണ്. ഇവർ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രവും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. എന്നാൽ മമത സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു മറുപടിയും ലഭിക്കുന്നില്ല. 

ഇതുവരെ രണ്ട് ലക്ഷം അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലേക്ക് എത്തിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികളെ ബംഗാളിൽ തിരിച്ചെത്തിക്കാൻ ട്രെയിൻ സൗകര്യം ഒരുക്കാൻ തയ്യാറാണ്. എന്നാൽ മമത സർക്കാർ സഹകരിക്കുന്നില്ല. ഇത് സംസ്ഥാനത്ത് നിന്നുള്ള അതിഥി തൊഴിലാളികളോട് കാട്ടുന്ന അനീതിയാണെന്നും അമിത് ഷാ കത്തിൽ പറഞ്ഞു.  അതിഥി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന സംസ്ഥാനങ്ങളിൽ ഇവർ പ്രതിഷേധിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

click me!