
കൊച്ചി: താരസംഘടന അമ്മയിൽ നാടകീയ രംഗങ്ങൾ. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അംഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. പുതിയ കമ്മറ്റിയെ ഉടൻ തീരുമാനിക്കും.
ഇന്ന് രാവിലെ തുടങ്ങിയ 'അമ്മ'യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായിട്ടുള്ളത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിച്ചിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ പിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെ വെളിപ്പെടുത്തി. തുടർന്ന് സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയ ശ്വേതയെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭരണസമിതി ഒന്നാകെ രാജിവെച്ചത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്ന് ആരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖർ റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തി. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെയാണ് യോഗം കലുഷിതമായത്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടിരുന്നു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam