
കോഴിക്കോട്: സംസ്ഥാനത്തെ അങ്കണവാടികളിൽ അമൃതം പൊടി വിതരണം പ്രതിസന്ധിയിൽ. സബ്സിഡി നിരക്കിലുള്ള ഗോതമ്പ് കിട്ടാഞ്ഞതോടെ കോഴിക്കോട് ജില്ലയിൽ പലയിടത്തും കുടുംബശ്രീ നിർമാണ യൂണിറ്റുകൾ പ്രവർത്തനം നിർത്തി. എഫ്‌സിഐയിൽ നിന്ന് വിതരണം ചെയ്യുന്ന ഗോതമ്പ് സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് വൈകുന്നുവെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിശദീകരണം. പല അങ്കണവാടികളിലും അമൃതം പൊടി കിട്ടാനില്ല.
ആറുമാസത്തിനും മൂന്നുവയസിനുമിടയിലുള്ള കുട്ടികളുടെ പ്രധാന പോഷകാഹാരമാണ് അമൃതം ന്യൂട്രിമിക്സ്. ഇത് മിക്ക അങ്കണവാടികളിലും കിട്ടാതായിട്ട് ഒന്നരമാസം കഴിഞ്ഞു. സംസ്ഥാനത്തെ 241 കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി ആറ് ലക്ഷത്തോളം കുട്ടികളിലേക്കാണ് അമൃതം പൊടിയെത്തുന്നത്. മികച്ച രീതിയിൽ മുന്നോട്ട് പോയ പോഷകാഹാര പദ്ധതിയാണ് പ്രതിസന്ധിയിലായത്. 2007 മുതൽ അമൃതം പൊടിയുണ്ടാക്കുന്ന രാമനാട്ടുകരയിലെ എലഗന്റ് ഫുഡ് പ്രൊഡക്ട്സ് ഇന്നുമുതൽ പ്രവർത്തനം നിർത്തുകയാണ്. ഗോതമ്പ് കിട്ടിയ ശേഷമേ ഇനി പ്രവര്‍ത്തനം പുനരാരംഭിക്കൂ.
ഗോതമ്പും സോയ ചങ്ക്സും ബംഗാൾ ഗ്രാമും നിലക്കടലയും പഞ്ചസാരയും ചേർത്താണ് അമൃതം പൊടിയുണ്ടാക്കുന്നത്. പകുതി ഗോതമ്പും ബാക്കി പകുതി മറ്റ് ധാന്യങ്ങൾ ചേർത്തുമെന്നാണ് അനുപാതം. രണ്ടര രൂപ സബ്സിഡി നിരക്കിൽ ഗോതമ്പ് എഫ്സിഐയിൽ നിന്നും ഐസിഡിഎസ് വഴി കിട്ടുന്നത് വെച്ചാണ് നിർമാണ യൂണിറ്റുകൾ പിടിച്ചു നിൽക്കുന്നത്. അതാണ് മുടങ്ങിയത്. സാങ്കേതിക പ്രശ്നം മൂലം അലോട്ട്മെന്റ് ഓർഡർ വൈകിയെന്നാണ് വനിതാ ശിശുക്ഷേമ വകുപ്പിന്റെ വിശദീകരണം. പ്രശ്നം എന്ന് പരിഹരിക്കപ്പെട്ടാലും അതുവരെ കുട്ടികൾ അഡ്‌ജസ്റ്റ് ചെയ്യേണ്ട സ്ഥിതിയുമാണ് സംസ്ഥാനത്ത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam