ആശ്വാസകിരണം പദ്ധതിയ്ക്ക് 58.12 കോടി രൂപ അനുവദിച്ചു

By Web TeamFirst Published Jan 1, 2021, 5:10 PM IST
Highlights

ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. 

തിരുവനന്തപുരം: മുഴുവന്‍ സമയ പരിചരണം ആവശ്യമുള്ളവരെ പരിചരിക്കുന്നവര്‍ക്കുള്ള പ്രതിമാസ ധനസഹായം നല്‍കുന്ന സാമൂഹ്യ സുരക്ഷ മിഷന്‍റെ ആശ്വാസ കിരണം പദ്ധതിയ്ക്ക് 58.12 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ കെ ശൈലജ. കിടപ്പിലായ രോഗികളെയും മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുളളവരെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. 

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് 63,544 ഗുണഭോക്താക്കള്‍ ആയിരുന്നത് ഈ സര്‍ക്കാര്‍ വന്നതിനു ശേഷം 1,13,713 ആയി വര്‍ധിച്ചു. 600 രൂപ പ്രതിമാസം അനുവദിക്കുന്ന പദ്ധതിയാണ് ആശ്വാസകിരണം. ആശ്വാസകിരണം ധനസഹായത്തിന് അര്‍ഹതയുളളവര്‍ക്ക് മറ്റ് പെന്‍ഷനുകള്‍ ലഭിക്കുന്നതിന് തടസമില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. 

ക്യാന്‍സര്‍, പക്ഷാഘാതം, മറ്റ് നാഡീരോഗങ്ങള്‍ എന്നിവ മൂലം ഒരു മുഴുവന്‍ സമയ പരിചാരകന്‍റെ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികള്‍, ശാരീരിക മാനസിക വൈകല്യമുളളവര്‍, നൂറു ശതമാനം അന്ധത ബാധിച്ചവര്‍, തീവ്രമാനസിക രോഗമുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി മുതലായ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, എന്‍ഡോസള്‍ഫാന്‍ ബാധിച്ച് പൂര്‍ണമായും ദുര്‍ബലപ്പെട്ടവര്‍ തുടങ്ങിയ വിഭാഗത്തില്‍പെട്ടവരെ പരിചരിക്കുന്നവര്‍ക്കാണ് ആശ്വാസകിരണം പദ്ധതിയിലൂടെ ധനസഹായം നല്‍കുന്നത്.

click me!