
ആലപ്പുഴ: തനിക്ക് എതിരെ നടത്തിയത് വകതിരിവ് ഇല്ലാത്ത പ്രസ്താവനയാണെന്ന് അമ്പലപ്പുഴയിലെ സ്വതന്ത്ര്യ സ്ഥാനാർഥി ജി സുധാകരൻ. പി പ്രസാദ് രാഷ്ട്രീയ ക്രിമിനലുകളുടെ സ്വാധീനത്തിന് വഴങ്ങുകയാണ്. ചേർത്തലയിൽ പോയി പ്രസംഗിക്കണം എന്ന് കരുതിയിരുന്നു. എന്നാൽ തിരക്ക് കാരണം നടന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. ആരുടെയും തറവാട്ട് സ്വത്ത് ഭാഗം വെച്ചല്ല സ്ഥാനാർഥികളെ നിശ്ചയിക്കുന്നത്. താൻ ഒരു സ്ഥാനവും ചോദിച്ച് ഒരാളുടെയും കാല് പിടിച്ചിട്ടില്ല. വി എസ്, നയനാർ, സി എച്ച് കണാരൻ പോലെ ജനങ്ങളെ മനസിലാക്കുന്ന നേതാക്കൾ ഉണ്ടായിരുന്നു. ഇപ്പോൾ സിപിഎമ്മിൽ അങ്ങനെ ഒരു നേതാവും ഇല്ല. വിജയരാഘവനെ പോലെ ഉള്ള വിഡ്ഢികൾ ആണ് ഇപ്പോൾ പോളിറ്റ് ബ്യുറോയിൽ ഉള്ളത്. മഹാൻമാരായ നേതാക്കൾ ഇരുന്നിടത്താണ് വിജയരാഘവൻ ഇരിക്കുന്നത്. ഇപ്പോഴത്തെ സിപിഎം നേതാക്കൾ 2 ചെവിയിലും ഫോൺ വെച്ച് നടക്കുകയാണ്. വേറെവല്ല ദ്വാരത്തിൽ കൂടി വെയ്ക്കാൻ പറ്റിയാൽ അവിടെയും വെയ്ക്കുമായിരുന്നുവെന്നും ജി സുധാകരൻ പറഞ്ഞു.
സിപിഎം നേതാക്കൾ തന്റെ അച്ഛനെ അധിക്ഷേപിച്ചു. അച്ഛൻ ഉള്ളവർക്കേ അച്ഛന്റെ വില അറിയൂ. നിൽക്കാൻ കൊള്ളാത്ത പാർട്ടിയാണ് സിപിഎം. അതുകൊണ്ടാണ് താൻ അവിടെ നിന്ന് ഇറങ്ങി പോന്നത്. മെമ്പർഷിപ്പ് പുതുക്കാൻ നിൽക്കാതെ സ്വയം ഒഴിഞ്ഞതാണെന്നും ജി സുധാകരൻ വ്യക്തമാക്കി. ഇപ്പോൾ വലിയൊരു ഭാരം ഒഴിഞ്ഞു. ആലപ്പുഴയിൽ ഒന്നിനും കൊള്ളാത്ത ഒരു ജില്ലാ സെക്രട്ടറി ഉണ്ട്. നാസർ എന്നാണ് അയാളുടെ പേര്. അയാൾ മുസ്ലിം ആണെന്ന് ചിലർ തെറ്റിദ്ധരിച്ചേക്കാം. എന്നാൽ നാസർ മുസ്ലിം അല്ല നല്ല ഒന്നാന്തരം ഈഴവനാണ്. ഞാൻ ഇല്ലായിരുന്നു എങ്കിൽ അവരൊന്നും എവിടെയും എത്തുമായിരുന്നില്ല.
അതേസമയം എം ലിജു നല്ല നേതാവാണെന്നും ഇത്തവണ ജയിപ്പിക്കണമെന്നും സുധാകരൻ പറഞ്ഞു. അമ്പലപുഴയിൽ ബിജെപി ആയി ഡീൽ എന്നാണ് ചിലർ പറയുന്നത്. ബിജെപി അനുഭാവികളെ കിട്ടുമെന്ന് പറഞ്ഞപ്പോൾ അതിനെ ഡീൽ എന്ന് പറയുന്നു. അങ്ങനെ എങ്കിൽ സിപിഎമ്മിൽ നിന്നാവും കൂടുതൽ വോട്ട് ലഭിക്കുക. അപ്പോൾ സിപിഎം ആയി അല്ലെ ഡീൽ എന്നും സുധാകരൻ പറഞ്ഞു. സിപിഎമ്മിൽ നിന്നപ്പോൾ ബിജെപിയെ ഏറ്റവും എതിർത്ത ആളാണ് താൻ. തന്റെ രാഷ്ട്രീയ പ്രവർത്തനത്തെ പരിശോധിച്ചാൽ അറിയാം. ആർഎസ്എസ്സുകാരെ നേരിട്ട് വന്നവനാണ് ജി സുധാകരൻ. അങ്ങനെ ഉള്ള തന്നോട് ബിജെപി ഡീൽ എന്നൊന്നും പറയരുത്.
സജി ചെറിയാൻ കാൾ മാക്സിനെക്കാൾ വലിയ ആളാണ്. അയാൾ പൊളിറ്റിക്കൽ ക്രിമിനലുകളെ വളർത്തുന്നു. അവർ പാർട്ടിയേ നശിപ്പിക്കുന്നു. ആലപ്പുഴയിൽ പാർട്ടി നശിച്ചാൽ കേരളത്തിലെ പാർട്ടിയുടെ നടുവൊടിയുന്ന സാഹചര്യമാണ്. പാർട്ടിയുടെ അടിസ്ഥാന വർഗം ആലപ്പുഴയിലാണ്. ആ പാർട്ടിയിൽ നിന്നിട്ട് ഇനി കാര്യമില്ല. അവിടെ വിപ്ലവമില്ല, എല്ലാം തീറ്റിപണ്ടാരങ്ങളാണ്. തിന്നുക, കുടിക്കുക എന്നതാണ് ഇപ്പോഴത്തെ അവരുടെ ശൈലി. കുട്ടിക്കാലത്ത് അപ്പച്ചൻ്റെ മുടി പിരിക്കുന്ന പരിപാടിയാണ് ഇപ്പോൾ യുവ നേതാക്കളെ കൊണ്ട് ചെയ്യിക്കുന്നത്. മുഖ്യമന്ത്രി ചെറ്റ എന്ന് വിളിക്കുന്നു. ആക്രമണം നടത്താൻ ഉള്ള സന്ദേശം ആണത്. മുഖ്യമന്ത്രിയിൽ നിന്നാണ് അത് വരുന്നത്. അദ്ദേഹത്തിന് പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും പത്രസമ്മേളനം നടത്തി ഞാൻ പ്രതിരോധിച്ചിരുന്നു. അന്ന് അതെന്റെ കടമയായിരുന്നു. ചൈനയിൽ പണ്ട് നാൽവർ സംഘം ഉണ്ടായിരുന്നു. മാവോയും ഭാര്യയും, മകനും, മരുമകനും. അവർ അവിടെ തോന്നുന്ന പോലെ ചെയ്തു. മുതിർന്നവരെ കൊന്നുകളഞ്ഞു, എന്നാൽ കേരളത്തിൽ കൊല്ലാൻ പറ്റാത്തത് കൊണ്ട് ആത്മഹത്യ ചെയ്തോ എന്ന് പറയുന്നു എന്നും ജി സുധാകരൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam