കണ്ണീരായി ആൻ റിഫ്ത; ചവിട്ടുനാടക വേദിയിലെ രാജകുമാരി; അമ്മ ഇറ്റലിയില്‍, വരുന്നത് മകളെ അവസാനമായി കാണാൻ

Published : Nov 26, 2023, 11:39 AM ISTUpdated : Nov 26, 2023, 11:41 AM IST
കണ്ണീരായി ആൻ റിഫ്ത; ചവിട്ടുനാടക വേദിയിലെ രാജകുമാരി; അമ്മ ഇറ്റലിയില്‍, വരുന്നത് മകളെ അവസാനമായി കാണാൻ

Synopsis

ഇലക്ട്രോണിക്സ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായിരുന്നു. കഴി‍ഞ്ഞ ദിവസം കൂടി വീട്ടിലേക്ക് വിളിച്ച് എല്ലാവരുമായി സംസാരിക്കുകയും കൂടി ചെയ്തിരുന്നു.   

പറവൂർ: എല്ലാ ശനിയാഴ്ചകളിലും വീട്ടിലെത്തുമായിരുന്നു ആൻ റിഫ്ത. പിറ്റേന്ന്  ഞായറാഴ്ച പള്ളിയിൽ പോകും. എന്നാല്‍ ഇന്നലെ മാത്രം അവള്‍ വന്നില്ല. നാടിനെയും വീട്ടുകാരെയും തീരാദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു ആന്‍ റിഫ്ത വീട്ടിലേക്കെത്തിയത്, ജീവനറ്റ്. ഇന്നലെ കുസാറ്റിലുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നാല് പേരിലൊരാണ് ആന്‍ റിഫ്ത. കുസാറ്റിലെ മികച്ച വിദ്യാര്‍ത്ഥികളിലൊരാള്‍. ആനിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുകയാണ് വീടും നാടും. 

മികച്ച ചവിട്ടുനാടകം കലാകാരി കൂടിയായിരുന്നു ഈ പെൺകുട്ടി. വീട്ടിലെത്തുന്ന കുട്ടികളെ ചവിട്ടുനാടകം പഠിപ്പിക്കുകയും ചെയ്തിരുന്നു. മിടുക്കിയായ ഒരു പെൺകുഞ്ഞ് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇല്ലാതായി എന്ന് വിശ്വസിക്കാനാവാതെ വിങ്ങിപ്പൊട്ടുകയാണ് കുടുംബാം​ഗങ്ങളും നാട്ടുകാരും. എസ്എസ്എൽസിക്കും പ്ലസ്ടൂവിനും മികച്ച വിജയം നേടിയാണ് കുസാറ്റിൽ ആൻ റിഫ്ത പ്രവേശനം നേടുന്നത്. ഇലക്ട്രോണിക്സ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥിയായിരുന്നു. കഴി‍ഞ്ഞ ദിവസം കൂടി വീട്ടിലേക്ക് വിളിച്ച് എല്ലാവരുമായി സംസാരിക്കുകയും കൂടി ചെയ്തിരുന്നു. 

ഇന്നലെ  വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് എല്ലാവരും തുടർച്ചയായി ഫോണിലേക്ക് വിളിച്ചു. ഒരു സുഹൃത്താണ് ഫോണെടുത്ത് 'ആന്‍ റിഫ്തക്ക് ശ്വാസം മുട്ടലുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു' എന്ന് വീട്ടുകാരോട് പറഞ്ഞത്. എത്രയും വേ​ഗം എത്തണം എന്ന് അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ എത്തിയപ്പോഴാണ് കുട്ടി മരിച്ച വിവരം അറിയുന്നത്. അച്ഛനും അമ്മയും സഹോദരനുമാണ് ആൻ റിഫ്തക്കുള്ളത്. പ്രദേശത്തെ അറിയപ്പെടുന്ന ചവിട്ടുനാടക കലാകാരൻ കൂടിയാണ് ആൻ റിഫ്തയുടെ അച്ഛൻ. അച്ഛനൊപ്പം ചവിട്ടുനാടക വേദികളിലും സജീവമായിരുന്നു ഈ പെൺകുട്ടി. നൂറിലധികം വേദികളിൽ ചവിട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്. 

ആൻ റിഫ്തയുടെ അമ്മ ഇറ്റലിയിലാണ്. വിസിറ്റിങ് വിസയിലാണ് ഇവർ അടുത്തിടെ ഇറ്റലിയിലേക്ക് പോയത്. ആൻ റിഫ്തയെ പഠിപ്പിക്കാൻ പണം കണ്ടെത്താൻ ജോലി തേടിയാണ് ഇവർ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറ‍ഞ്ഞു. ഇവരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. വരാൻ വേണ്ടിയുള്ള സൗകര്യം ചെയ്ത് കൊടുക്കാൻ മലയാളി അസോസിയേഷനുകളുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ  നാല് പേർ മരിച്ചു. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കമാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

ആൻ റുഫ്തയുടെ അമ്മ ഇറ്റലിയിൽ, വിസിറ്റിങ് വിസയിൽ പോയത് മകളെ പഠിപ്പിക്കാൻ പണം കണ്ടെത്താൻ; തീരാദു:ഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തമിഴ്നാട്ടിൽ അസാധാരണ രംഗങ്ങള്‍; നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി, സര്‍ക്കാരിനെതിരെ കുറ്റപത്രം, നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ
ഇടത് മതേതര നിലപാടുകളെ ദുർബലപ്പെടുത്തുന്ന പ്രസ്താവന, സജി ചെറിയാനോട് സിപിഎം തിരുത്തൽ ആവശ്യപ്പെട്ടേക്കും