ഇവരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. വരാൻ വേണ്ടിയുള്ള സൗകര്യം ചെയ്ത് കൊടുക്കാൻ മലയാളി അസോസിയേഷനുകളുമായി ആലോഇവരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്.

കൊച്ചി: കളമശ്ശേരി കുസാറ്റ് കാമ്പസിലെ അപകടത്തിൽ മരിച്ച വടക്കൻ പറവൂർ സ്വദേശിയും വിദ്യാർഥിയുമായ ആൻ റുഫ്തയുടെ അമ്മ ഇറ്റലിയിൽ. വിസിറ്റിങ് വിസയിലാണ് ഇവർ അടുത്തിടെ ഇറ്റലിയിലേക്ക് പോയത്. ആൻ റുഫ്തയെ പഠിപ്പിക്കാൻ പണം കണ്ടെത്താൻ ജോലി തേടിയാണ് ഇവർ ഇറ്റലിയിലേക്ക് പോയതെന്ന് സ്ഥലം എംഎൽഎയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശൻ മാധ്യമങ്ങളോട് പറ‍ഞ്ഞു. 

ആൻ റുഫ്തയുടെ മൃതദേഹം പൊതു ദർശന ശേഷം പറവൂർ സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലാകും സൂക്ഷിക്കുക ആദ്യം കളമശ്ശേരി ആശുപത്രിയിൽ സൂക്ഷിക്കാൻ ആയിരുന്നു തീരുമാനിച്ചത് പിന്നീട് മാറ്റി

ഇവരെ എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. വരാൻ വേണ്ടിയുള്ള സൗകര്യം ചെയ്ത് കൊടുക്കാൻ മലയാളി അസോസിയേഷനുകളുമായി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ സമയമാണിപ്പോഴെന്നും എല്ലാവരും അതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു. എൻ്റെ കണ്മുന്നിൽ കാണുന്ന കഴ്ചകൾ വേദനാജനകമാണെന്നും അപകടത്തിൽപ്പെട്ടവർക്ക് മികച്ച ചികിത്സാ സംവിധാനം സർക്കാർ സജ്ജമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഗാനമേള കാണാനെത്തിയ വിദ്യാർത്ഥികളുടെ തിക്കും തിരക്കിലും പെട്ട് മൂന്ന് വിദ്യാർത്ഥികളടക്കമാണ് മരിച്ചത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള കാണാനെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

കുസാറ്റിലെ എഞ്ചിനീയറിങ് രണ്ടാം വർഷ വിദ്യാർത്ഥികളായ അതുൽ തമ്പി, സാറാ തോമസ്, ആൻ റുഫ്തോ എന്നിവരും പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫുമാണ് മരിച്ചത്. ആൽബിൻ ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്. ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നാളെ രാവിലെ ഏഴ് മണിയോടെ പോസ്റ്റ്‌മോർട്ടം നടക്കും. രണ്ട് മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിലും രണ്ട് മൃതദേഹങ്ങൾ എറണാകുളം ജനറൽ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം നടത്തും. 

അപകടത്തിൽ 64 പേർക്ക് പരിക്കേറ്റുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട് പ്രതികരിച്ചു. ഇവരിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. മറ്റുള്ളവർ മെഡിക്കൽ കോളേജിനും കിന്റർ, സൺറൈസ് തുടങ്ങിയ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.