ഷംസീറിന്‍റെ ഭാര്യയ്ക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അനധികൃത നിയമനം? ഉപരോധം, പ്രതിഷേധം

By Web TeamFirst Published Apr 16, 2021, 12:23 PM IST
Highlights

കണ്ണൂർ സർവകലാശാല വിസിയുടെ വീട്ടിലേക്കാണ് കെഎസ്‍യു പ്രതിഷേധമാർച്ചുമായി എത്തിയത്. പൊലീസിനെ മറികടന്ന് ഗേറ്റ് കടന്ന് അകത്ത് കയറിയ കെഎസ്‍യു പ്രവർത്തകർ വീടിന്‍റെ മുൻവശത്ത് കുത്തിയിരുന്ന് വിസിയെ ഉപരോധിക്കുകയാണ്.

കണ്ണൂർ: എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. പി എം ഷഹലയെ കണ്ണൂ‍ർ സർവകലാശാലയിലെ മറ്റൊരു പദവിയിലേക്ക് അനധികൃതമായി നിയമിക്കാൻ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറവും കെഎസ്‍യുവും. പെരുമാറ്റച്ചട്ടം നിലനിൽക്കെത്തന്നെ, കണ്ണൂർ സർവകലാശാലയിൽ പി എം ഷഹലയെ ചട്ടങ്ങൾ മറികടന്ന് യുജിസി എച്ച്ആർഡി സെന്‍ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് നിയമിക്കാൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ പരാതി. ഇതിൽ പ്രതിഷേധിച്ച് കണ്ണൂർ സർവകലാശാല വിസിയെ കെഎസ്‍യു വീട്ടിൽ ഉപരോധിക്കുകയാണ്.

വിസിയുടെ വീട്ടിലേക്കാണ് രാവിലെ 11 മണിയോടെ കെഎസ്‍യു പ്രതിഷേധമാർച്ചുമായി എത്തിയത്. പൊലീസിനെ മറികടന്ന് ഗേറ്റ് കടന്ന് അകത്ത് കയറിയ കെഎസ്‍യു പ്രവർത്തകർ വീടിന്‍റെ മുൻവശത്ത് കുത്തിയിരുന്ന് വിസിയെ ഉപരോധിക്കുകയാണ്. ഇവരെ നീക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും മാറാൻ പ്രവർത്തകർ തയ്യാറല്ല. 

ഇന്നാണ് യുജിസി എച്ച്ആർഡി സെന്‍ററിൽ അസിസ്റ്റർ ഡയറക്ടറുടെ സ്ഥിരം തസ്തികയിലേക്ക് അഭിമുഖം നടക്കാനിരിക്കുന്നത്. ഡോ. പി എം ഷഹല അടക്കം 30 പേരാണ് അഭിമുഖത്തിൽ പങ്കെടുക്കുന്നത്. ഇന്ന് നടത്താൻ തീരുമാനിച്ചിരിക്കുന്ന ഇന്‍റർവ്യൂ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണ്ണർക്കും, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും കത്ത് നൽകിയിട്ടുണ്ട്. 

2020 ജൂണ്‍ മുപ്പതിനാണ് കണ്ണൂർ സർവ്വകലാശാല എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്‍റ് ഡയറക്ടർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആർഡി സെന്‍ററിലെ തസ്തികകൾ  താൽക്കാലികമാണെങ്കിലും അസിസ്റ്റന്‍റ് ഡയറക്ടറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്കു സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു. ഡയറക്ടറുടെ തസ്തികയിൽ നിയമനം നടത്താതെയാണ് അസി. ഡയറക്ടറുടെ നിയമനം മാത്രം തിരക്കിട്ടു നടത്തുന്നത്. ഇതിനായി ഇന്ന് ഓൺലൈൻ ഇന്‍റർവ്യൂ നടത്തുന്നതിനുള്ള അറിയിപ്പ് അപേക്ഷകരായ 30 പേർക്ക് ഇമെയിൽ ആയാണ് അയച്ചിരിക്കുന്നത്. 

കുസാറ്റ് അടക്കമുള്ള മറ്റ് സർവകലാശാലകളിൽ ഒരു തസ്തികയിലേക്കുള്ള നിയമനത്തിന് ഉയർന്ന സ്കോർ പോയിന്‍റ് ഉള്ള പരമാവധി 10 പേരെ മാത്രമേ ഇന്‍റർവ്യൂവിന് ക്ഷണിക്കാറുള്ളൂ എന്നിരിക്കേ, കണ്ണൂരിൽ ഒറ്റ തസ്തികയ്ക്ക് വേണ്ടി മാത്രം 30 പേരെ ക്ഷണിക്കാൻ തീരുമാനിച്ചത് ഷംസീറിന്‍റെ ഭാര്യയെ കട്ട്‌ ഓഫ് മാർക്കിനുള്ളിൽ പെടുത്തുന്നതിനാണെന്നും ആരോപണമുണ്ട്. അക്കാദമിക് മെറിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുക്കാതെ ഇന്‍റർവ്യൂ മാർക്കിന്‍റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകാം. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ നിയമനം നടത്തുന്നത് തടയണമെന്നും തിരക്കിട്ടു നടത്തുന്ന ഓൺലൈൻ ഇന്‍റർവ്യൂ നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് സേവ് യൂണിവേഴ്സിറ്റി പരാതി നൽകിയത്.

ഇന്‍റർവ്യൂവിന് ഹാജരാവുന്ന ആരെയും കൂടുതൽ മാർക്ക്‌ നൽകി നിയമിക്കുന്നതാണ്‌ കാലിക്കറ്റ്‌, സംസ്കൃത, മലയാളം സർവകലാശാലകളിലെ അധ്യാപക നിയമനങ്ങൾ വിവാദമാക്കിയത്. കേരളത്തിലെ ഒരു സർവ്വകലാശലയിലെ എച്ച്ആർഡി സെന്‍ററിലും സ്ഥിര നിയമനം ഇല്ലെന്നിരിക്കെ കണ്ണൂരിൽ പ്രത്യേക ഉത്തരവിലൂടെ തസ്തിക സൃഷ്ടിച്ചത് എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.

click me!