ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ടുകെട്ടിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങൾ എൽ ഡി എഫിനെ കൈവിട്ടുവെന്നത് ആരോപണം മാത്രമാണ്. എൽ ഡി എഫ് യാത്രയിൽ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം ഉണ്ട്. ജമാ അത്തെ ഇസ്ലാമി കൊടും വിഷമാണ്. ആർ എസ് എസും കൊടും വിഷമാണ്. തെളിനീര് ഒഴുകുന്ന കേരളത്തിൽ കൊടും വിഷം കലർത്തുന്നവരാണ് ഇവരെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. സാംസ്കാരിക പ്രവർത്തകരുടെ അഭിപ്രായം സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും നന്നാക്കാനാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശബരിമല കൊടിമരം മാറ്റുന്നതിൽ വലിയ പണപ്പിരിവ് നടന്നിട്ടുണ്ടെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. സ്വർണവും പിരിച്ചിട്ടുണ്ട്. അന്ന് ഭരണത്തിൽ കോൺഗ്രസാണ്. ദേവസ്വം പ്രസിഡന്‍റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലുമായിരുന്നു. സർക്കാർ ആരേയും സംരക്ഷിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

അതേസമയം ശബരിമല കൊടിമര നിർമാണ ക്രമക്കേടിൽ മറുപടിയുമായി ദേവസ്വം ബോർഡ് മുൻ അം​ഗം അജയ് തറയിൽ. ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണത്തിന്റെ കണക്കിൽ വീഴ്ചയില്ലെന്നും 412 ​ഗ്രാം സ്വർണം അധിക സംഭാവനയായി ലഭിച്ചുവെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതി നിർദേശ പ്രകാരമാണ് ശബരിമലയിൽ അറ്റകുറ്റപ്പണി നടത്തിയത്. തന്നെയും ചോദ്യം ചെയ്യുമെന്ന് ഒരു സിപിഎം നേതാവ് മുന്നറിയിപ്പ് നൽകി. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും രാഷ്ട്രീയ നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകൾ കൃത്യമാണ്. ഇത് ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വഴിപാടായി ലഭിച്ച സ്വർണത്തിന് രസീത് കൊടുക്കേണ്ട ജോലി പ്രസിഡൻ്റിനും മെംബർമാർക്കുമല്ല. തന്നെ ചോദ്യം ചെയ്യാൻ പദ്ധതിയുണ്ടെന്ന് സിപിഎം നേതാവ് നേരത്തെ വിളിച്ചു പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ യാത്ര എറണാകുളത്ത് എത്തുമ്പോഴാണ് ചോദ്യം ചെയ്യാനുള്ള നീക്കം. പ്രാഥമിക അന്വേഷണം നടത്താനുള്ള ഹൈക്കോടതി തീരുമാനത്തെ സന്തോഷത്തോടെ കാണുന്നുവെന്നും തൻ്റെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരമാണെന്നും അജയ് തറയിൽ മാധ്യമങ്ങളോട് പറഞ്ഞു

YouTube video player