അഞ്ചല്‍ കൊലപാതകം: ഉത്രയുടെ മകനും സൂരജിന്‍റെ അമ്മയും തിരിച്ചെത്തി

By Web TeamFirst Published May 26, 2020, 8:24 AM IST
Highlights

ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തിച്ചു. സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ ആണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. 

പത്തനംതിട്ട: കൊല്ലം അഞ്ചലില്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ മകനും പ്രതി സൂരജിന്‍റെ അമ്മയും തിരിച്ചെത്തി. ഇന്നലെയാണ് ഇരുവരേയും കാണാതായത്. എറണാകുളത്ത് വക്കീലിനെ കാണാൻ പോയതാണ് എന്നാണ് കുടുംബത്തിൻ്റെ വാദം. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തിച്ചു. സൂരജിൻ്റെ അച്ഛൻ സുരേന്ദ്രനാണ് കുട്ടിയെ തിരികെ എത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലാണ് കുഞ്ഞിനെ കൊണ്ടുവന്നത്. ഉത്രയുടെ മാതാപിതാക്കൾ അഞ്ചൽ പൊലീസുമായി എത്തി കുഞ്ഞിനെ ഏറ്റുവാങ്ങും.

കുട്ടിയെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുകൊടുക്കണമെന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനായി അഞ്ചൽ പൊലീസും ഉത്രയുടെ അച്ഛനും അടൂർ പൊലീസിന്‍റെ സഹായത്തോടെ കുട്ടിയെ അന്വേഷിച്ച് എത്തിയപ്പോള്‍ അവരെ കണ്ടെത്താന്‍ സാധിച്ചില്ല. അടൂരിലെ സൂരജിന്‍റെ വീട്ടിലും സമീപത്തെ ബന്ധുവീടുകളിലും രാത്രി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. കുട്ടിയും പ്രതി സൂരജിന്‍റെ അമ്മ രേണുകയും അഭിഭാഷകനെ കാണാന്‍ പോയിരിക്കുകയാണെന്നായിരുന്നു സൂരജിന്‍റെ വീട്ടില്‍ നിന്ന് ലഭിച്ച മറുപടി. കുട്ടിയെ ഒളിപ്പിച്ചു വെച്ചാൽ കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഞെട്ടിക്കുന്ന കൊലപാതക കഥ പുറത്തുവന്നത്. സ്വത്തിന് വേണ്ടി ഉത്രയെ പാമ്പിനെക്കൊണ്ട് ഭര്‍ത്താവ് സൂരജ് കടിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു അന്വേഷണ സംഘം കണ്ടെത്തിയത്. രണ്ട് തവണ കൊല്ലാന്‍ ശ്രമിക്കുകയും രണ്ടാം തവണ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമായിരുന്നു സൂരജ് കുറ്റസമ്മതം നടത്തിയത്. 

Also Read: ഉത്രയുടെ കൊലപാതകം: സ്വത്ത് തട്ടിയെടുക്കാൻ സൂരജ് കരുതിക്കൂട്ടി നടത്തിയതെന്ന് റിമാന്‍റ് റിപ്പോർട്ട്

click me!