
ഇടുക്കി: സംസ്ഥാനത്തെ രാഷട്രീയ കൊലപാതകങ്ങളുടെ പരമ്പരയില്‍ വലിയ വിവാദമുണ്ടാക്കിയതായിരുന്നു എംഎം മണിയുടെ വണ്‍ ടു ത്രി പ്രസംഗവും തുടര്‍ന്നുള്ള വെളിപ്പെടുത്തലുകളും. കേസില്‍ സിപിഎമ്മിനെ കുരുക്കാന്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ നടത്തിയ നീക്കം വിജയിച്ചില്ലെന്നു മാത്രമല്ല വിവാദ പ്രസംഗത്തോടെ എം എം മണി സിപിഎമ്മിലെ മുന്‍ നിര നേതാവായി മാറുകയും ചെയ്തു.
ടിപി ചന്ദ്രശേഖരന്‍റെ കൊലപാതകമുണ്ടാക്കിയ പ്രതിഷേധം സിപിഎമ്മിനെയാകെ പ്രതിരോധത്തിലാക്കിയിരുന്ന കാലഘട്ടത്തിലായിരുന്നു അപ്രതീക്ഷിത ആഘാതമായി എംഎം മണിയുടെ പ്രസംഗം. തൊടുപുഴക്കടുത്ത് മണക്കാട്ടെ വിശദീകരണ യോഗത്തില്‍ അന്നത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണിയുടെ വണ്‍ ടു ത്രീ പ്രയോഗവും 1980 കളില്‍ നടത്തിയ കൊലപാതകങ്ങളുടെ വെളിപ്പെടുത്തലും സിപിഎമ്മിന് ആദ്യ ഘട്ടത്തില്‍ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. മണിയുടെ പ്രസംഗം ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി. കൊലപാതക രാഷ്ട്രീയത്തെ പാര്‍ട്ടിക്ക് ആവര്‍ത്തിച്ച് തള്ളിപ്പറയേണ്ടി വന്നു.
മണിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കേസ് എടുത്തു. പോലീസ് അറസ്റ്റ് ചെയത് എംഎം മണിക്കും മറ്റ് പ്രതികള്‍ക്കും 46 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ജാമ്യത്തിലിറങ്ങിയിട്ടും കുറെ നാള്‍ ഇടുക്കി ജില്ലക്ക് പുറത്ത് കഴിയേണ്ടി വന്ന എംഎം മണി വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കുറ്റവിമുക്തനാകുന്നത്.
പ്രസംഗം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയെങ്കിലും രാഷട്രീയത്തില്‍ എംഎം മണിയുടെ ഗ്രാഫ് അതോടെ ഉയരുകയായിരുന്നു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി പദവിയില്‍ നിന്നും മന്ത്രിയായും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായും എംഎം മണി വളര്‍ന്നു. ഗ്രാമീണ ശൈലിയിലുള്ള തുറന്നു പറച്ചിലുകളും പ്രയോഗങ്ങളും നിറഞ്ഞ പ്രസംഗ ശൈലിയിലൂടെ സിപിഎമ്മിന്‍റെ സംസ്ഥാനത്തെ താര പ്രസംഗകരില്‍ ഒരാളായി എംഎം മണി മാറി.
കോടതി കേസില്‍ മണിയെ കുറ്റവിമുക്തനാക്കുമ്പോഴും നാല് പതിറ്റാണ്ടു മുമ്പ് നടന്ന കൊലപാതകത്തിനു പിന്നിലെ അണിയറ നീക്കങ്ങള്‍ ഇപ്പോഴും അജ്ഞാതം. മണിയുടെ വിവാദ പ്രസംഗത്തിനു ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അഞ്ചേരി ബേബിയുടെ കൊലപാതക കേസിന്‍റെ നടത്തിപ്പില്‍ കോണ്‍ഗ്രസ് താത്പര്യം കാട്ടിയത്. ഹൈക്കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ നിയമ സഹായം നല്‍കാമെന്ന് അഞ്ചേരി ബേബിയുടെ ബന്ധുക്കളെ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam