
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ അമ്മൂമ്മ കൊലപ്പെടുത്തിയ ആറ് മാസം പ്രായമുള്ള കുഞ്ഞിന്‍റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ് തന്നെയാണ് കുട്ടിയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ. കുട്ടിയുടെ ശരീരത്തിൽ നിന്ന് അമിത അളവിൽ രക്തം വാർന്ന് പോയിട്ടുണ്ടെന്നും പോസ്റ്റുമോർട്ടത്തില്‍ കണ്ടെത്തി. അതേസമയം, കേസില്‍ അറസ്റ്റിലായ കുഞ്ഞിന്റെ അമ്മൂമ്മയെ പൊലീസ് ഉടൻ കസ്റ്റഡിയിലെടുക്കും. ചികിത്സയിലുള്ള റോസിലിയെ ആശുപത്രിയിൽ നിന്നാണ് കസ്റ്റഡിയിലെടുക്കുക. കേസില്‍ കുട്ടിയുടെ അമ്മയുടെ അടക്കമുള്ളവരുടെ മൊഴികൾ പൊലീസ് രേഖപ്പെടുത്തി. മാനസിക പ്രശ്നമാണോ കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നതടക്കം പരിശോധിക്കുകയാണ് പൊലീസ്. റോസ്‌ലിയുടെ ചികിത്സ വിവരങ്ങൾ പൊലീസ് തേടുന്നുണ്ട്.
അങ്കമാലി കറുകുറ്റിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കറുക്കുകുറ്റി പഞ്ചായത്തിലെ അഞ്ചാം വാർഡിലുള്ള പയ്യപ്പള്ളി വീട്ടില്‍ ആന്‍റണി - റൂത്ത് ദമ്പതികളുടെ മകളായ ആറുമാസം പ്രായമുള്ള ഡെൽന മറിയം സാറ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിനെ കഴുത്തിന് മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽവാസി മണി ഓടിയെത്തിയപ്പോൾ ചോരയിൽ കുളിച്ചകുഞ്ഞിനെ അച്ഛൻ ആന്റണി തോളിൽ കിടത്തിയിരിക്കുകയായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ എന്തോ കടിച്ചു എന്നായിരുന്നു മറുപടി. അച്ഛനെയും അമ്മയെയും കുഞ്ഞിനെയും കാറിൽ കയറ്റി മണി ഉടൻ അപ്പോളോ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. അതോടെയാണ് അടിമുടി ദുരൂഹതയായത്. അമ്മയും അച്ഛനും അമ്മൂമ്മയും അപ്പൂപ്പനും എല്ലാം അടങ്ങുന്ന കുടുംബമാണ് ആന്റണിയുടേത്. കുഞ്ഞിനെ രാവിലെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അമ്മ ഭക്ഷണം എടുക്കാൻ അടുക്കളയിൽ പോയി തിരിച്ചുവന്നപ്പോൾ കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. 60 കാരിയായ അമ്മൂമ്മ വിഷാദരോഗത്തിന് ചികിത്സ തേടുന്നവിഷാദരോഗത്തിന് ചികിത്സ തേടുന്ന ആൾ ആണെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam