
ആലപ്പുഴ: അംഗനവാടിയിലെ ഭക്ഷണ മെനു പരിഷ്കരണത്തിന് കാരണമായ വീഡിയോയിലൂടെ കേരളത്തിൽ സ്നേഹം നേടിയ ശങ്കു വീണ്ടും വൈറലാകുന്നു. ഇത്തവണ മന്ത്രിയെ തിരുത്തിയുള്ള ശങ്കുവിന്‍റെ വീഡിയോ ആണ് തരംഗമായി മാറുന്നത്. അംഗൻവാടിയിൽ ബിരിയാണി നൽകുന്നതിനെ കുറിച്ച് സംസാരിക്കവേ മന്ത്രി ബിന്ദു കൃഷ്ണ ശങ്കുവിനെ കുറിച്ച് പരാമർശിച്ചിരുന്നു. ശങ്കു ചവറയിലെ മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധാമണി ചേച്ചിയുടെ കൊച്ച് മോൻ ആണെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, രാധാമണി ചേച്ചിയുടെ കൊച്ച് മോനല്ല ഞാനെന്നാണ് ശങ്കു പുതിയ വീഡിയോയിൽ പറയുന്നത്. പുതിയ മന്ത്രി ആന്റി പറഞ്ഞു ഞാൻ രാധാമണി ചേച്ചിയുടെ കൊച്ചുമോനാന്ന്. ഞാൻ രാധാമണി ചേച്ചിയുടെ ഒന്നും കൊച്ചുമോനല്ല. എന്റെ അപ്പാമ്മേടെ പേര് ഓമന. എന്റെ അമ്മാമ്മേടെ പേര് റീന തങ്കപ്പൻ (പേര് വ്യക്തമല്ല). ഇത്രേ ഉള്ളൂ കാര്യം എന്ന് ശങ്കു പറയുന്നു.
ദേവികുളങ്ങര പഞ്ചായത്തിലെ പ്രയാർ കിണർമുക്കിലെ ഒന്നാം നമ്പർ അംഗൻവാടിയില്‍ പഠിച്ചിരുന്ന തൃജൽ എസ് സുന്ദർ എന്ന ശങ്കുവിന്‍റെ ‘അംഗൻവാടിയില്‍ ബിർനാണീം പൊരിച്ച കോഴീം’ വേണമെന്ന വൈറല്‍ വീഡിയോയ്ക്ക് പിന്നാലെയാണ് അന്നത്തെ മന്ത്രി വീണ ജോര്‍ജ് ഭക്ഷണ മെനു പരിഷ്കരണം കൊണ്ട് വന്നത്. പ്രയാർ വടക്ക് പുന്നക്കുഴിയിൽ സോമസുന്ദറിന്റെയും അശ്വതിയുടെയും മകനാണ് ശങ്കു.
അംഗൻവാടി കുട്ടികള്‍ക്കുള്ള പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, ജനറല്‍ ഫീഡിംഗ് തുടങ്ങിയ അനുപൂരക പോഷകാഹാരമാണ് അന്ന് മന്ത്രി പരിഷ്‌കരിച്ചത്. പഞ്ചസാരയുടേയും ഉപ്പിന്‍റെയും അളവ് കുറച്ചുകൊണ്ട് കുട്ടികളുടെ ആരോഗ്യം ഉറപ്പാക്കി പോഷക മാനദണ്ഡ പ്രകാരം വളര്‍ച്ചയ്ക്ക് സഹായകമായ ഊര്‍ജവും പ്രോട്ടീനും ഉള്‍പ്പെടുത്തി രുചികരമാക്കിയാണ് ഭക്ഷണ മെനു പരിഷ്‌കരിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ നടന്ന അംഗൻവാടി പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിലായിരുന്നു അന്ന് മന്ത്രിയുടെ ഈ ജനപ്രിയ പ്രഖ്യാപനം.
എന്നാല്‍, അംഗൻവാടിയിലെ ഭക്ഷണ മെനു പരിഷ്കരിക്കുമെന്ന് ചുമതലയേറ്റതിന് പിന്നാലെ വനിതാ - ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കിയിരുന്നു. വകുപ്പ് ഏറ്റെടുത്ത ശേഷം തന്നെ വന്നു കണ്ട അംഗൻവാടി ജീവനക്കാർ സങ്കടത്തോടെ പറയുന്ന ഒരു കാര്യം അംഗൻവാടികളിൽ ബിരിയാണി കൊടുക്കാൻ പറഞ്ഞതാണ്. എന്നാൽ ബിരിയാണി കൊടുക്കാൻ നിവൃത്തിയില്ലെന്നാണ് ജീവനക്കാർ പറയുന്നത്. ഏറ്റവും പരിമിതമായ പണം കൊടുത്തിട്ട് ബിരിയാണികൊടുക്കാൻ പറഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് അംഗൻവാടി ജീവനക്കാർ ചോദിക്കുന്നതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam