ലൈഫ് മിഷൻ പദ്ധതി നടത്തിപ്പ്; സിബിഐ അന്വേഷണം വേണമെന്ന് അനിൽ അക്കര, ​ഗവർണർക്ക് കത്ത് നൽകി

By Web TeamFirst Published Aug 9, 2020, 3:55 PM IST
Highlights

റെഡ് ക്രസൻ്റ് പണം ചെലവഴിക്കേണ്ടത്  ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര കത്തിൽ ആരോപിക്കുന്നു.

തിരുവനന്തപുരം: റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ​ഗവർണർക്ക് കത്ത് നൽകി. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസൻ്റ് പണം ചെലവഴിക്കേണ്ടത്  ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര കത്തിൽ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വടക്കാഞ്ചേരി നഗരസഭാ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനുള്ള തുക എമിറേറ്റ്സ് റെഡ് ക്രസന്റ് എന്ന ഏജന്‍സി യു.എ.ഇ കോണ്‍സുലേറ്റ് വഴിയാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ നിര്‍മ്മാണം സംബന്ധിച്ച് 2019 ജൂലൈ മാസത്തില്‍ തിരുവനന്തപുരത്തുവച്ച് റെഡ് ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടതാണ്.     140 കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള ഈ കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലം  പാരിസ്ഥിതിക സുരക്ഷിതത്വവും കുടിവെള്ള സൗകര്യവും ഇല്ലാത്തതാണ്. സ്ഥലം എംഎല്‍എയില്‍ നിന്നു പോലും മറച്ച് വച്ചാണ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തത്. അഞ്ചിലധികം നിലകളില്‍ നിര്‍മ്മിക്കുന്ന ഈ കെട്ടിടത്തിലേക്കുള്ള വഴി നേരത്തെ 5 മീറ്ററില്‍ താഴെയായിരുന്നു. 2 ഏക്കറിലധികം വരുന്ന ഭൂമി  വിലകൊടുത്ത് ഏറ്റെടുത്തതിന് ശേഷമാണ് ഇതിലേക്കുള്ള വഴി വിലകൊടുത്ത് വാങ്ങുന്നത്. ഈ നടപടി തികച്ചും നിയമവിരുദ്ധവും അഴിമതിയുമാണ്. 

സ്വര്‍ണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്നും  കണ്ടെടുത്ത കോടിക്കണക്കിന് രൂപയില്‍ 1 കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നും ഈ ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ സംഖ്യ തരപ്പെടുത്തുന്നതിനായി ലഭിച്ച കമ്മീഷനാണ് എന്നും ആ തുക ഫ്ളാറ്റ് നിര്‍മ്മാണ കമ്പനിയായ യൂണിറ്റാക്ക് ഗ്രൂപ്പ് വഴിയാണ് തന്നതെന്നും അന്വേഷണ ഏജന്‍സികള്‍ക്ക് മൊഴി കൊടുത്തതായി   വാര്‍ത്തയായി വന്നിട്ടുള്ളതാണ്.  യുഎഇ ചാരിറ്റി സ്ഥാപനമായ റെഡ് ക്രസന്റിന് ഇന്ത്യയിൽ നേരിട്ട് പദ്ധതികൾ ഏറ്റെടുക്കാൻ കഴിയില്ല, അങ്ങനെ വേണമെങ്കിൽ മദർ എന്‍ജിഒ ആയ റെഡ് ക്രോസ്സിനെ ഏൽപ്പിക്കണം. റെഡ് ക്രോസ്സിന്റെ ഇന്ത്യയിലെ പ്രസിഡന്റ്‌ രാഷ്ട്രപതിയും ചെയര്‍മാന്‍ കേന്ദ്ര ആരോഗ്യമന്ത്രിയാണ്. രാഷ്ട്രപതി ഭവനും കേന്ദ്ര സര്‍ക്കാറും അറിയാതെ എങ്ങനെ യു.എ.ഇ റെഡ് ക്രസന്റ് കേരളത്തിൽ പണം ചിലവ് ചെയ്തു? മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഈ തട്ടിപ്പ് നടന്നിട്ടുള്ളത്. നിലവിലുള്ള സാമ്പത്തിക നിയമങ്ങൾ അനുസരിച്ചു ഈ ഇടപാട് വലിയ കുറ്റമാണ്. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഒരു വിദേശ എന്‍.ജി.ഒ യുമായി രാജ്യം അറിയാതെ കരാറിൽ ഏർപ്പെട്ടു, അവർക്കു സർക്കാർ ഭൂമി നൽകി അതുവഴി പ്രിൻസിപ്പൽ സെക്രട്ടറിയും ഇടനിലക്കാരിയും ചേർന്ന് ഒരു കോടി രൂപ കമ്മീഷൻ വാങ്ങുന്നതും രാജ്യദ്രോഹകുറ്റമാണ്. സംസ്ഥാന ലൈഫ് മിഷന്‍ അധികാരികളും, യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും, എമിറേറ്റ്സ് റെഡ് ക്രസന്റ് ഭാരവാഹികളും, യൂണിറ്റാക്ക് ഗ്രൂപ്പും, ഇടനിലക്കാരിയായ സ്വപ്ന സുരേഷും, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ലൈഫ് മിഷൻ സി.ഇ.ഒ യുമായിരുന്ന  എം.ശിവശങ്കറും വടക്കാഞ്ചേരി മുന്‍സിപ്പല്‍ ഭരണ നേതൃത്വവും ഉള്‍പ്പെട്ട ഗൂഢാലോചനയുടെ ഭാഗമായുള്ള കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇവിടെ നടന്നിട്ടുള്ളത്. 

മുഖ്യമന്ത്രി ഗള്‍ഫ് പര്യടനത്തിന് പുറപ്പെടുന്നതിന് നാല് ദിവസം മുമ്പ് എം.ശിവശങ്കറും സ്വപ്ന സുരേഷും ഗള്‍ഫിലെത്തി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നാണ് പത്രങ്ങളിലൂടെ മനസ്സിലാകുന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി ചര്‍ച്ചകള്‍ നടത്തിയിരുന്ന എം.ശിവശങ്കര്‍ ഈ സാമ്പത്തിക നേട്ടങ്ങള്‍ മുഴുവന്‍ നേടിയെടുക്കാന്‍ ശ്രമിച്ചത് മുഖ്യമന്ത്രിയുടെ കൂടി അറിവോടുകൂടിയാണോ എന്നുള്ളതില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. മാത്രമല്ല യൂണിറ്റാക്ക് ഗ്രൂപ്പ് ലൈഫ് മിഷന്റെ പദ്ധതി യുടെ നിർമാണം നടത്തിയതും  അന്വേഷണ വിധേയമാക്കേണ്ടതാണ് എന്നും അനിൽ അക്കര ​ഗവർണർക്ക് നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ട്. 

click me!