
ദില്ലി: അച്ഛൻ എകെ ആന്റണിയോടാണ് തനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവുമെന്ന് അനിൽ ആന്റണി. ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വീട്ടിൽ ഞങ്ങൾ നാല് പേരാണ്. അച്ഛൻ, അമ്മ, സഹോദരൻ, ഞാൻ. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. അച്ഛനോടാണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്നമല്ല. ആശയപരമായ വ്യത്യാസമാണ്. ശരിയായ തീരുമാനമാണ് എടുത്തതെന്ന് ഞാൻ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അനിൽ പറഞ്ഞു.
ബിജെപി അംഗത്വം സ്വീകരിച്ച ശേഷം ഹിന്ദിയിലായിരുന്നു ആദ്യം അനിൽ ആന്റണി പ്രതികരിച്ചത്. പിന്നീട് ഇംഗ്ലീഷിലും തുടർന്ന് മലയാളത്തിലും അനിൽ ആന്റണി സംസാരിച്ചു. കോൺഗ്രസ് ഒരു കുടുബത്തിന് വേണ്ടി പണിയെടുക്കുന്നുവെന്നായിരുന്നു പാർട്ടി വിട്ട ശേഷമുള്ള അനിലിന്റെ പ്രതികരണം. ബിജെപി രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ്. ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാട് മോദിക്ക് ഉണ്ട്. ബിജെപിയുടെ 44ാം സ്ഥാപക ദിനത്തിൽ പാർട്ടിയിൽ ചേരാനായി. പാർലമെന്റ് തുടർച്ചയായി തടസ്സപ്പെടുത്തുന്ന പ്രതിപക്ഷ നടപടി ദൗർഭാഗ്യകരമാണ്.
ഇത് എന്റെ വ്യക്തിതാത്പര്യങ്ങൾക്ക് വേണ്ടിയുള്ള തീരുമാനമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കോൺഗ്രസ് പാർടി രാജ്യതാത്പര്യങ്ങളേക്കാൾ ഉപരി രണ്ട് മൂന്ന് വ്യക്തികളുടെ താത്പര്യങ്ങൾക്ക് ആണ് പരിഗണന നൽകുന്നത്. ബിബിസി വിഷയത്തിൽ ഞാൻ നിലപാടെടുത്തത് കോൺഗ്രസ് പാർട്ടിയുടെ നിലപാട് രാജ്യതാത്പര്യത്തിന് എതിരാണെന്ന് തോന്നിയത് കൊണ്ടാണ്. ഡോക്യുമെന്ററി സദുദ്ദേശത്തോടെ ഉള്ളതല്ല.
രണ്ട് മൂന്ന് മാസം ആലോചിച്ചെടുത്ത തീരുമാനമാണ് ബിജെപിയിൽ ചേരാമെന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ഓരോ പൗരനും വകഭേദമില്ലാതെ സാമ്പത്തികമായും സാമൂഹികമായും മുന്നേറാനുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ഫലപ്രദമായി നടപ്പാക്കുന്നുണ്ട്. നരേന്ദ്രമോദിയുടെ കാഴ്ചപ്പാടുകൾക്കും വീക്ഷണങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനാണ് താൻ ബിജെപിയിൽ ചേർന്നത്. സ്ഥാനമാനങ്ങൾ താൻ ആഗ്രഹിച്ചിട്ടില്ല. ആ തീരുമാനങ്ങൾ എടുക്കേണ്ടത് താനല്ല.
എന്റെ വ്യക്തിപരമായ തീരുമാനമാണ് ബിജെപിയിൽ ചേരാനുള്ളത്. തന്റെ വീട്ടിൽ നാല് പേരുണ്ട്. അവരുടെ അഭിപ്രായങ്ങൾ ഒന്നും ഒന്നല്ല. മാതാപിതാക്കൾ പഠിപ്പിച്ചത് മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാനും നല്ല ഇന്ത്യാക്കാരനായി ജീവിക്കാനുമാണ്. ഇന്നത്തെ കാലത്ത് നരേന്ദ്ര മോദിയുടെ കൂടെ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് തോന്നിയതിനാലാണ് ഈ തീരുമാനം.
അച്ഛൻ 52 വർഷം പാർലമെന്ററി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് വിരമിച്ചു. സജീവ രാഷ്ട്രീയത്തിൽ അദ്ദേഹമില്ല. വീട്ടിൽ രാഷ്ട്രീയം അധികം ചർച്ച ചെയ്യാറില്ല. എകെ ആന്റണിക്ക് ഇന്ത്യയിൽ എല്ലായിടത്തും ബഹുമാനിക്കപ്പെടുന്ന നേതാവാണ്. അദ്ദേഹത്തിന്റെ ലെഗസിക്ക് തന്റെ തീരുമാനം ദോഷം ചെയ്യില്ല. എന്റെ തീരുമാനം പാർട്ടിയേക്കാളുപരി രാജ്യത്തെ സ്നേഹിക്കുന്നത് കൊണ്ടാണെന്നും അനിൽ ആന്റണി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam