നന്ദകുമാറിന് പിന്നിൽ കോൺഗ്രസിലെ താക്കോൽ സ്ഥാനത്തുള്ള നേതാവ്, ആരോടും പണം വാങ്ങിയിട്ടില്ലെന്ന് അനിൽ ആന്‍റണി

By Web TeamFirst Published Apr 23, 2024, 1:15 PM IST
Highlights

കോഴ സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെയാണ് അനിൽ ആന്‍റണിയുടെ പ്രതികരണം

പത്തനംതിട്ട: താൻ ആരുടെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്‍റണി. ദല്ലാള്‍ ടി ജി നന്ദകുമാറിന്‍റെ ആരോപണങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ ദേശീയ നേതാവിനും പങ്കുണ്ട്.  തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍  നന്ദകുമാറിനെതിരെ പരാതി നൽകും. നിലവിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും അനിൽ ആന്‍റണി പറഞ്ഞു.  

നന്ദകുമാർ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചയാളാണെന്ന് അനിൽ ആന്‍റണി പറഞ്ഞു. ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ച അനിൽ ആന്‍റണി, നന്ദകുമാറിന് പിന്നിൽ കോൺഗ്രസിലെ താക്കോൽ സ്ഥാനത്തുള്ള നേതാവാണെന്ന് ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴ സംബന്ധിച്ച ചോദ്യങ്ങളോട് അതൃപ്തി പ്രകടിപ്പിച്ച  അനിൽ ആന്റണി,
നിങ്ങൾ കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കുന്നുവെന്നും ഈ പണിയുമായി തന്‍റെയടുത്ത് വരേണ്ടെന്നും പറഞ്ഞു. 

സിബിഐ സ്റ്റാൻഡിങ് കൗണ്‍സിൽ നിയമനത്തിന് അനിൽ ആന്‍റണി 25 ലക്ഷം വാങ്ങിയതിന് തെളിവെന്ന് അവകാശപ്പെട്ടാണ് രേഖകളും ഫോട്ടോകളും നന്ദുകമാര്‍ പുറത്തുവിട്ടത്. ആന്‍റൂസ് ആന്‍റണിയെന്ന ആള്‍ കൂടി ഉള്‍പ്പെട്ടാണ് ഇടപാട്. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം അനില്‍ ആൻറണിക്കെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും നന്ദകുമാർ ദില്ലിയിൽ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

അനിൽ ആന്‍റണിക്കെതിരായ രേഖകളുമായി നന്ദകുമാർ, ശോഭാ സുരേന്ദ്രൻ 10 ലക്ഷം വാങ്ങിയെന്ന് ആരോപണം

അനിൽ വഴി സിബിഐ സ്റ്റാന്റിങ് കൗൺസിൽ സ്ഥാനത്തേക്ക് തന്റെ വക്കീലിനെ എത്തിക്കാനായിരുന്നു ശ്രമം. കേരള ഹൈക്കോടതിയിൽ നിയമിക്കാൻ ആയിരുന്നു ശ്രമിച്ചത്. പക്ഷെ സിബിഐ ഡയറക്ടർ മറ്റൊരാളെ വെച്ചു. അനിൽ ആന്റണി 25 ലക്ഷം രൂപയാണ് പണമായി തന്റെ കയ്യിൽ നിന്നും വാങ്ങിയത്. കാര്യം നടക്കാതായതോടെ ഈ തുക തിരികെ ആവശ്യപ്പെട്ടു. അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസും പി ജെ കുര്യനുമാണ് ഇടനില നിന്നത്. അഞ്ച് ഗഡുക്കളായാണ് പണം തിരികെ നൽകിയത്. നാല് ഗഡു തന്ന ശേഷം അഞ്ചാമത്തെ ഗഡു തരാനാകില്ലെന്നും അത് പുതിയ ഇടനിലക്കാരനായ ആൻ്റൂസ് ആന്റണിക്ക് നൽകിയ തുകയാണെന്നും പറഞ്ഞു. എന്നാൽ അത്  തനിക്കറിയേണ്ടെന്നും തന്റെ 25 ലക്ഷവും തിരികെ തരണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് 25 ലക്ഷവും തിരികെ തന്നതെന്നും നന്ദകുമാർ പറഞ്ഞു.

click me!