'കോൺഗ്രസില്‍ സ്തുതിപാഠകര്‍, വ്യക്തിപരമായി ആരോടും എതിര്‍പ്പില്ല'; പാര്‍ട്ടി വിടില്ലെന്നും അനിൽ ആന്‍റണി

By Web TeamFirst Published Jan 25, 2023, 10:52 AM IST
Highlights

പാര്‍ട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതകകളുമായി മുന്നോട്ട് പോകുമെന്നും അനിൽ ആന്‍റണി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ദില്ലി: കോൺഗ്രസ് നേതൃത്വത്തിന് ചുറ്റും സ്തുതിപാഠകരാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി. തന്നോട് പ്രതികരിച്ചവർ കാപട്യക്കാരായിരുന്നു. യോഗ്യതയെക്കാൾ സ്തുതിപാഠകർക്കാണ് സ്ഥാനമെന്നും അനില്‍ ആന്‍റണി പ്രതികരിച്ചു. പാര്‍ട്ടി വിടില്ലെന്നും വ്യക്തിപരമായ ചുമതലകളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ അടക്കമുള്ള പദവി രാജിവച്ചതിന് പിന്നാലെയായിരുന്നു അനില്‍ ആന്‍റണിയുടെ പ്രതികരണം. 

ബിബിസി ഡോക്യുമെന്‍ററിയെ രാഹുല്‍ ഗാന്ധിയടക്കം സ്വാഗതം ചെയ്യുകയും സംസ്ഥാനത്ത് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് കെപിസിസിയും മുന്‍കൈയെടുക്കുകയും ചെയ്തപ്പോഴായിരുന്നു നേതൃത്വത്തെ  ഞെട്ടിച്ച്   അനില്‍ ആന്‍റണി ബിബിസിയെ  തള്ളി പറഞ്ഞത്. ബിബിസിയുടെ നടപടി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണന്നും മുന്‍വിധിയുടെ ചരിത്രമുള്ള ചാനലാണ് ബിബിസിയെന്നുമായിരുന്നു അനില്‍ ആന്‍റണിയുടെ ട്വീറ്റ്. പരാമര്‍ശം വിവാദമായതോടെ  അനിലിനെതിരെ കടുത്ത വിമര്‍ശനമാണ് കോൺഗ്രസിൽ ഉയര്‍ന്നത്. അനില്‍ ആന്‍റണിയുടെ പരാമര്‍ശം പാർട്ടി നിലപാട് അല്ലെന്ന് നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ച് നിന്നതില്‍ ശക്തമായ എതിർപ്പാണ് ഉയര്‍ന്നത്.

Also Read: 'ആന്‍റണിയുടെ മകനുള്ള വിവേകബുദ്ധി പോലും രാഹുലിനും കമ്പനിക്കുമില്ല'; കോൺഗ്രസിന്‍റെ ദുരവസ്ഥയെന്ന് സുരേന്ദ്രൻ

അനില്‍ ഖേദം പ്രകടിപ്പിക്കണമന്നും നടപടി വേണമന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ അനില്‍ ആന്‍റണി നിലപാടിലുറച്ച് തന്നെ നിന്നതോടെ പാര്‍ട്ടിക്ക് അത് വൻ തിരിച്ചടിയായി. ഇതോടെ, അനിലിനെ പുറത്താക്കണം എന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് അനില്‍ ആന്‍റണിയുടെ രാജി. എന്നാൽ, എതിര്‍ പ്രചരണത്തില്‍ തളരില്ലെന്ന് അനില്‍ ആന്‍റണി വ്യക്തമാക്കി. രാജ്യതാത്പര്യത്തെ എതിര്‍ക്കുന്നവര്‍ ചരിത്രത്തിന്‍റെ ചവറ്റുകുട്ടയിലാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, വിവാദത്തില്‍ പ്രതികരിക്കാന്‍ എ കെ ആന്‍റണി തയ്യാറായില്ല.

click me!