അഞ്ജുവിനെ അധ്യാപകർ ശാസിക്കുന്നത് കണ്ടതായി വിദ്യാർത്ഥികൾ: കോളേജ് പ്രിൻസിപ്പാളിനെതിരെ കുടുംബം

By Web TeamFirst Published Jun 8, 2020, 2:34 PM IST
Highlights

കോളേജ് അധികൃതർ അപമാനിച്ച് ഇറക്കിവിട്ടത് കാരണമാണ് അഞ്ജു ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ജു പഠിക്കാൻ മിടുക്കിയായ കുട്ടിയായിരുന്നുവെന്ന് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. 

കോട്ടയം: പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപിക്കപ്പെട്ട വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ. പരീക്ഷാഹാളിൽ അഞ്ജു ഷാജിയെ അധ്യാപകർ ശകാരിക്കുന്നത് കണ്ടതായി പരീക്ഷാ ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. കരഞ്ഞു കൊണ്ടാണ് അഞ്ജു ക്ലാസ് റൂമിൽ നിന്നും ഇറങ്ങിപ്പോയതെന്നും വിദ്യാർത്ഥികളുടെ മൊഴിയിലുണ്ട്. 

അതേസമയം സർവകലാശാല പരീക്ഷക്കു ശേഷം കാണാതായ കോളേജ് വിദ്യാര്‍ഥിനി അഞ്ജു പി.ഷാജിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. പരീക്ഷ എഴുതിയ ചേര്‍പ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിനു മൂന്ന് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടത്. കോപ്പിയടിച്ചെന്ന് ആരോപിച്ചു കോളേജ് അധികൃതർ അപമാനിച് ഇറക്കിവിട്ടത് കാരണമാണ് അഞ്ജു ജീവനൊടുക്കിയതെന്ന് കുടുംബം പരാതിപ്പെട്ടു. സംഭവത്തിൽ സർവകലാശാലയോട് സർക്കാർ വിശദീകരണം തേടി.

കാഞ്ഞിരപ്പിള്ളി സെൻ്റ ആൻ്റണീസ് പാരലൽ കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനിയാണ് അഞ്ജു ഷാജി. ബിരുദ പരീക്ഷ എഴുതാനായി ബിവിഎം ഹോളി ക്രോസ് കോളേജിൽ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകർ പിടികൂടിയെന്നാണ് ആരോപണം. അജ്ഞുവിൻ്റെ ഉത്തരക്കടലാസുകൾ പ്രിൻസിപ്പൾ പിടിച്ചു വാങ്ങുന്ന ദൃശ്യങ്ങൾ കോളേജിലെ സിസിടിവി ക്യാമറയിലുണ്ടെന്ന് പിതാവ് ഷാജി ആരോപിക്കുന്നു. 

അഞ്ജുവിൻ്റെ ഹാൾടിക്കറ്റിൽ ഉത്തരസൂചികയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ കുറിച്ചു വച്ചതായി കണ്ടെന്നും ഇതേ തുടർന്നാണ് കുട്ടിയെ പരീക്ഷ എഴുതുന്നതിൽ നിന്നും വിലക്കിയതെന്നുമാണ് കോളേജ് അധികൃതരുടെ വിശദീകരണം. മകൾക്ക് കോപ്പിയടിക്കേണ്ട ആവശ്യമില്ലെന്നും പഠനത്തിൽ  ഏറെ മിടുക്കിയായ കുട്ടിയായിരുന്നു അഞ്ജുവെന്നും കുടുംബം പറയുന്നു. അഞ്ജു പഠനത്തിൽ മുന്നിൽ നിൽക്കുന്നയാളാണെന്നും കഴിഞ്ഞ സെമസ്റ്ററുകളിലെല്ലാം നല്ല മാർക്ക് വാങ്ങിയിരുന്നതായും അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു. 

എന്നെ പരീക്ഷാ ഹാളിൽ നിന്നും പുറത്താക്കി, ഞാൻ പോകുന്നു എന്നൊരു സന്ദേശം കാണാതാവും മുൻപ് അഞ്ജു ഒരു സുഹൃത്തിന് അയച്ചിരുന്നു. അഞ്ജു എവിടേക്കെങ്കിലും പോയിരിക്കാനുള്ള സാധ്യത സംശയിച്ചിരുന്നുവെങ്കിലും ചെർപ്പുങ്കല്ലിലെ ബേക്കറിയിലെ സിസിടിവി ക്യാമറയിൽ അഞ്ജു നടന്നു പോകുന്നത് ദൃശ്യങ്ങൾ കണ്ടെത്തുകയും അഞ്ജുവിൻ്റെ ബാഗും ചെരിപ്പും പുഴയോരത്ത് നിന്നു ലഭിക്കുകയും ചെയ്തു. 

click me!