ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്.
തിരുവനന്തപുരം: ദേവികുളത്തെ സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഇന്ന് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അംഗത്വം സ്വീകരിക്കും. 11 മണിക്കാണ് മാരാര്‍ജി ഭവനിൽ വാര്‍ത്താസമ്മേളനം. 2006, 2011, 2016 എന്നീ കാലയളവിൽ സിപിഎമ്മിന്റെ എംഎൽഎ ആയിരുന്നു എസ് രാജേന്ദ്രൻ. ഈ മാസം ആദ്യം രാജീവ് ചന്ദ്രശേഖറുമായി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരുമാസത്തിനകം തീരുമാനമെന്നാണ് അന്ന് അറിയിച്ചിരുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾ ഒന്നും ഉന്നയിച്ചില്ലെന്നും ബിജെപിയിൽ ചേരുന്നതിന് മറ്റു പ്രത്യേക നിബന്ധനകളും വച്ചിട്ടില്ലെന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് രാജേന്ദ്രൻ പ്രതികരിച്ചത്.
മൂന്നു വർഷമായി എസ് രാജേന്ദ്രൻ ബിജെപി യിൽ ചേരും എന്ന് പ്രചരണം ഉണ്ടായിരുന്നു. നേരത്തെ ദില്ലി യിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായും രാജേന്ദ്രൻ ചർച്ച നടത്തിയിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന രാജയെ തോൽപ്പിക്കാൻ രാജേന്ദ്രൻ ശ്രമിച്ചു എന്ന് പരാതി ഉയർന്നിരുന്നു.
പാർട്ടി അന്വേഷണത്തിൽ ഇത് ശരിയാണെന്നു കണ്ടെത്തുകയും രാജേന്ദ്രനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട്ട് തിരികെയെത്തിക്കാൻപല തവണ നേതാക്കൾ ശ്രമിച്ചെങ്കിലും രാജേന്ദ്രൻ വഴങ്ങിയില്ല. പാർലമെൻറ് തെരഞ്ഞെടുപ്പ് സമയത്തും പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്തും രാജേന്ദ്രൻ ബിജെപിയിലേക്ക് എന്ന പ്രചരണം ശക്തമായിരുന്നു. അപ്പോഴൊക്കെ തീരുമാനമെടുത്തിട്ടില്ല എനാണ് രാജേന്ദ്രൻ പറഞ്ഞിരുന്നത്.



