
കോട്ടയം: പാരലൽ കോളേജ് വിദ്യാർത്ഥിനി അഞ്ജു ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാർത്തകൾ തള്ളി ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതർ. അഞ്ജുവിൻ്റെ പരീക്ഷയുടെ ഹാൾ ടിക്കറ്റിന് പിറകിൽ അന്നത്തെ പരീക്ഷയുടെ ഉത്തരം എഴുതി വച്ചിരുന്നു. ക്ലാസിൽ ഇൻവിജിലേറ്ററായ അധ്യാപകൻ ഇതു കണ്ടെത്തി തുടർന്നാണ് കോളേജ് പ്രിൻസിപ്പളായ അച്ചൻ പരീക്ഷാഹാളിലേക്ക് എത്തിയത്.
ഇങ്ങനെയൊരു അവസ്ഥയിൽ ഈ പരീക്ഷ എഴുതാനാവില്ലെന്നും എന്നാൽ പരീക്ഷ തുടങ്ങിയ സ്ഥിതിക്ക് ഒരു മണിക്കൂർ കഴിഞ്ഞ എക്സാം ഹാളിൽ നിന്നുമിറങ്ങി തന്നെ വന്നു കാണാനും പ്രിൻസിപ്പൾ അച്ചൻ ആവശ്യപ്പെട്ടു. എന്നാൽ രണ്ടരയോടെ ഹാൾ വിട്ടിറങ്ങിയ അഞ്ജു ആരോടും പറയാതെ ക്യാംപസ് വിട്ടുപോകുകയാണ് ചെയ്തതെന്നും കോളേജ് അധികൃതർ അറിയിച്ചു.
ബിവിഎം ഹോളിക്രോസ് കോളേജ് അധികൃതരുടെ വിശദീകരണം -
ഒന്നരമുതൽ നാലര വരെ മൂന്ന് മണിക്കൂറാണ് പരീക്ഷ. മുൻവശത്ത് നിന്നും മൂന്നാമത്തെ ബെഞ്ചിലിരുന്ന അഞ്ജുവിൻ്റെ ഹാൾ ടിക്കറ്റ് ക്ലാസ് ഇൻവിജിലേറ്റർ പരിശോധിച്ചപ്പോൾ അന്നു നടക്കുന്ന അക്കൌണ്ടൻസി പരീക്ഷയുടെ പാഠഭാഗങ്ങൾ ഹാൾ ടിക്കറ്റിന് പിറകിൽ എഴുതിയതായി കണ്ടെത്തി. ഇതിനിടിയിലാണ് പരിശോധനയ്ക്കായി പ്രിൻസിപ്പൾ പരീക്ഷാ ഹാളിലെത്തിയത്. സംഭവത്തിൽ ഇടപെട്ട പ്രിൻസിപ്പൾ പരീക്ഷാഹാളിൽ ഒരു മണിക്കൂർ ഇരുന്ന ശേഷം തന്നെ വന്നു കാണണം എന്ന് കുട്ടിയോട് ആവശ്യപ്പെട്ടു
രണ്ടര വരെ പരീക്ഷാഹാളിൽ ഇരുന്ന കുട്ടി പിന്നെ പുറത്തേക്ക് പോയി. എന്നാൽ കുട്ടി പ്രിൻസിപ്പളെ കാണാൻ പോയി എന്നാണ് ഇൻവിജിലേറ്ററായ അധ്യാപകൻ കരുതിയത്. എന്നാൽ കുട്ടി നേരെ ക്യാംപസ് വിട്ടു പുറത്തേക്ക് പോകുകയാണ് ചെയ്തത്. ശനിയാഴ്ച വൈകിട്ട് ഈ സംഭവം കഴിഞ്ഞ ശേഷം അടുത്ത ദിവസം ഉച്ചയോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം കോളേജിൽ അറിയുന്നതെന്നും കോളേജ് വൈസ് പ്രിൻസിപ്പൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അഞ്ജു പരീക്ഷ എഴുതിയക്ലാസിലെ സിസിടിവി ദൃശ്യങ്ങളും അഞ്ജുവിൻ്റെ ഹാൾടിക്കറ്റും അധികൃതർ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam