മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് തുറന്നതിനെയും സിൽവർ ലൈൻ പദ്ധതിയെയും കുറിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് ചോദ്യമുന്നയിച്ചു. ശ്രീധരന്റെ ഉപദേശം സ്വീകരിക്കാറുണ്ടെന്നും ഓഫീസ് തുറന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകി.  

മലപ്പുറം : മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് തുറന്നത് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയോടെയാണോ എന്ന ചോദ്യവുമായി രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകുമോ എന്നും ബ്രിട്ടാസ് ചോദിച്ചു. ബ്രിട്ടാസിന്റെ ചോദ്യത്തിന് രാജ്യസഭയിൽ മറുപടി നൽകിയ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്, പുതുതായി പ്രഖ്യാപിച്ച 7 ഹൈസ്പീഡ് പദ്ധതിയിൽ ശ്രീധരന്റെ ഉപദേശം സ്വീകരിച്ചിരുന്നുവെന്ന് വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

''ശ്രീധരനെ രാജ്യം മുഴുവൻ ബഹുമാനിക്കുന്നു, ശ്രീധരൻ തന്നെ നയിക്കുന്നതിൽ അഭിമാനിക്കുന്നു', ഇപ്പോഴും ഉപദേശം സ്വീകരിക്കാറുണ്ട്. കേരളത്തിൽ ശ്രീധരൻ ഓഫീസ് തുറന്നത് സ്വാ​ഗതം ചെയ്യുന്നു. രാജ്യത്തിനും റെയിൽവേയ്ക്കും സഹായമാകുന്നതിനെ സ്വാ​ഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എന്നാൽ, ജോൺ ബ്രിട്ടാസ് വാക്ചാതുര്യമുള്ളയാളാണെന്നും എപ്പോഴും വിഷയങ്ങളെ വളച്ചൊടിച്ച് തെറ്റായി ചിത്രീകരിക്കുകയാണെന്നും റെയിൽവേ മന്ത്രി അഭിപ്രായപ്പെട്ടു. സിൽവർ ലൈനുമായി ബന്ധപ്പെട്ട ബ്രിട്ടാസിന്റെ ചോദ്യത്തിന്, പദ്ധതി സർക്കാറിന്റെ കൈയ്യിലാണെന്നും സർക്കാർ പദ്ധതിക്ക് ആവശ്യമായ സ്ഥലമെടുപ്പ് തുടങ്ങട്ടേയെന്നുമായിരുന്നു അശ്വനി വൈഷ്ണവിന്റെ മറുപടി. 

സിൽവര്‍ ലൈൻ പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

കേരള സര്‍ക്കാരിന്‍റെ സിൽവര്‍ ലൈൻ (കെ -റെയിൽ) പദ്ധതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം. സിൽവര്‍ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ അതിവേഗ റെയിൽ പരിഗണിക്കാമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ വ്യക്തമാക്കി. ആർആർടിഎസ് - ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഹാരീസ് ബീരാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് റെയിൽവേ മന്ത്രിയുടെ വിശദീകരണം. ആർആർടിഎസോ, ഇ ശ്രീധരൻ നൽകി അതിവേഗ പദ്ധതിയോ കേന്ദ്ര സർക്കാരിന് മുന്നിലുണ്ടോയെന്നായിരുന്നു ഹാരിസ് ബീരാന്‍റെ ചോദ്യം. സിൽവർ ലൈൻ പദ്ധതി വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നതാണെന്നും അത് നടപ്പാക്കാനാകുന്നതല്ലെന്നും റെയിൽവേ മന്ത്രി മറുപടിയായി പറഞ്ഞു. എല്ലാം സംസ്ഥാനത്തിന്‍റെ തീരുമാനം ആണ്. സംസ്ഥാനത്തിന് താൽപര്യമുണ്ടെങ്കിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പരി​ഗണിക്കാം. എന്നാൽ സംസ്ഥാനം സഹകരിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി വിമര്‍ശിച്ചു. സംസ്ഥാനം കേന്ദ്രസർക്കാറിന് പിന്തുണ നൽകണം. ഭൂമി ഏറ്റെടുത്ത് നൽകണം. പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന് കേന്ദ്ര പിന്തുണ അനിവാര്യമാണ്. സംസ്ഥാനം സഹകരിച്ചില്ലെങ്കിൽ എങ്ങനെ പദ്ധതി നടപ്പാക്കാനാകുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ചോദിച്ചു.