
കാസര്‍കോട്: കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം 19 കാരി മരിച്ച സംഭവത്തില്‍ പെണ്‍കുട്ടി ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. വിവരങ്ങള്‍ കൃത്യസമയത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ മരിച്ചത് സംബന്ധിച്ച് വ്യക്തത വരുത്താനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും.
പെണ്‍കുട്ടി രണ്ട് പ്രാവശ്യം ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധ സംശയിച്ചാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യവിഭാഗത്തെ അറിയിക്കണമെന്നാണ് ചട്ടം. ജനുവരി ഒന്നിനും അഞ്ചിനും പെണ്‍കുട്ടി ചികിത്സ തേടിയിട്ടും ഭക്ഷ്യവിഷബാധ സംശയിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വിഭാഗത്തിന് ആശുപത്രി അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നാണ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എംവി രാംദാസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് പ്രാധമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സെപ്റ്റിസീമിയ വിത്ത് മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍സ് ഡിസ്ഫംക്ഷന്‍ സിന്‍ട്രോം മൂലമാണ് മരണമെന്നാണ് റിപ്പോര്‍ട്ടില്‍. ഭക്ഷണത്തില്‍ കോളിഫോം, ഇ കോളി, ഷിഗല്ല തുടങ്ങിയ ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടെങ്കിലും ഇത്തരത്തില്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read: അഞ്ജുശ്രീയുടെ ജീവനെടുത്തത് ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തി, ഭക്ഷ്യവിഷബാധയിൽ ഒരാഴ്ചക്കിടെ രണ്ട് മരണം
മരണ കാരണം സംബന്ധിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി കെമിക്കല്‍ അനാലിസിസ് പരിശോധന നടത്തും. അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളാണ് ഫോറന്‍സിക് ലാബില്‍ വിദഗ്ധ പരിശോധന നടത്തുക. വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് അധികൃതര്‍.
അതേസമയം, സംസ്ഥാനത്ത് വ്യാപക പരിശോധനകൾ തുടരുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ചത്. കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന 19 വയസുകാരി ഇന്നലെയാണ് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam