അന്നമനട പരമേശ്വരമാരാർ അന്തരിച്ചു

Published : Jun 12, 2019, 05:26 PM ISTUpdated : Jun 12, 2019, 06:57 PM IST
അന്നമനട പരമേശ്വരമാരാർ അന്തരിച്ചു

Synopsis

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ഏറെ നാളായി പ്രമേഹ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു.

കൊച്ചി: പഞ്ചവാദ്യരംഗത്തെ കുലപതി അന്നമനട പരമേശ്വരമാരാ‌ർ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം. ഏറെ നാളായി പ്രമേഹ രോഗവും അദ്ദേഹത്തെ അലട്ടിയിരുന്നു. കഴിഞ്ഞ അഞ്ചാം തീയതിയാണ് പരമേശ്വരമാരാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ഉച്ചയ്ക്ക് കൊടകരയിൽ വച്ചായിരിക്കും സംസ്കാര ചടങ്ങുകൾ.

കലാമണ്ഡലത്തിൽ അധ്യാപകനായിരുന്ന അന്നമനട പരമേശ്വര മാരാർ ഒരു പതിറ്റാണ്ടിലേറെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന്‍റെ മേളപ്രമാണിയായിരുന്നു. പഞ്ചവാദ്യ പരിഷ്കർത്താവെന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. സീനിയർ അന്നമട പരമേശ്വര മാരാർ ചിട്ടപ്പെടുത്തിയ 1792 അക്ഷരകാല പഞ്ചവാദ്യത്തെ പുനരാവിഷ്കരിച്ചതും അവതരിപ്പിച്ചതും അദ്ദേഹമാണ്. ലളിതവും സുന്ദരവുമായ വാദ്യ രീതിയിലൂടെയാണ് അദ്ദേഹം ആസ്വാദകരെ കയ്യിലെടുത്തത്

1952 ജുണ്‍ 6 ന് തൃശൂര്‍ അന്നമനട പടിഞ്ഞാറേ മാരേത്ത് കുടുംബത്തില്‍ പോസ്റ്റല്‍ വകുപ്പ് ഉദ്ദ്യോഗസ്ഥനായിരുന്ന രാമന്‍ നായരുടേയും പാറുക്കുട്ടിയുടേയും മകനായി അന്നമനടയില്‍ ആയിരുന്നു പരമേശ്വര മാരാരിന്‍റെ ജനനം. ചെറുപ്പ കാലത്ത് തന്നെ അദ്ദേഹം ക്ഷേത്ര കലകളിൽ അതീവ താല്പര്യം പ്രകടിപ്പിച്ചു. കേരളകലാമണ്ഡലത്തില്‍ പഞ്ചവാദ്യം പഠനവിഷയമാക്കിയ അദ്ദേഹം തിമില വാദനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 

തിമിലയൽ പരമേശ്വര മാരാർ നടത്തിയ പരീക്ഷണങ്ങൾക്ക് ആസ്വാദകർ ഏറെയായിരുന്നു. പിൽക്കാലത്ത് വന്ന കലാകാരന്മാരും പരമേശ്വരമാരാരുടെ രീതികൾ തന്നെ വാദ്യത്തിൽ പിൻതുടർന്നു.

കേരള കലാമണ്ഡലത്തിലെ തിമില പരിശീലനത്തിനുള്ള ആദ്യബാച്ചില്‍ വിദ്യാര്‍ത്ഥിയായിരുന്നു. കലാമണ്ഡലത്തില്‍ അരങ്ങേറ്റം കഴിഞ്ഞ ശേഷം പരമേശ്വരമാരാർ പല്ലാവൂര്‍ സഹോദരന്‍മാര്‍ക്കു കീഴില്‍ രണ്ടുവര്‍ഷത്തെ അധിക പരിശീലനവും നേടി. 2003ൽ പല്ലാവൂർ കുഞ്ഞുക്കുട്ടൻ മാരാരുടെ വിയോഗത്തോടെയാണ് തൃശൂർ പൂരത്തിലെ മഠത്തിൽവരവ് പഞ്ചവാദ്യത്തിന്‍റെ പ്രമാണം അന്നമനട പരമേശ്വര മാരാർക്ക് ലഭിച്ചത്. 

1972 മുതല്‍ ത്യശുര്‍ പൂരം മഠത്തില്‍ വരവിൽ പങ്കെടുത്ത് തുടങ്ങിയ പരമേശ്വരമാരാർ 11 വർഷത്തോളം മഠത്തിൽ വരവിന്‍റെ അമരക്കാരനായിരുന്നു. നെന്മാറ വേല, ഉത്രാളിക്കാവ് വേല തുടങ്ങി പേരെടുത്ത പൂരങ്ങളിലെ തലയെടുപ്പുള്ള സാന്നിധ്യമായിരുന്നു അദ്ദേഹം. ദീർഘ കാലം ക്ഷേത്ര കലാ അക്കാദമിയുടെ അമരത്തും അദ്ദേഹം പ്രവർത്തിച്ചു.

അവശ കലാകാരൻമാരുടെ പ്രശ്ന പരിഹാരത്തിനും പുതിയ കലാകാരൻമാർക്ക് അവസരം നൽകാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ അവഗണിച്ച് പല തവണ അസ്വാദകർക്കായി അദ്ദേഹം തിമിലയിൽ വാദ്യം വിസ്മയം തീർത്തു. 2007ൽ കേരള സംഗീത നാടക വേദി അവാർഡ് അദ്ദേഹത്തെ തേടിയെത്തി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ
ദിവാകറിന്റെയും ഒമ്പതുകാരനായ ദേവപ്രായാഗിന്റെയും മഹാദാനം; പുതുജീവൻ നൽകുന്നത് 12 പേർക്ക്