
കൊച്ചി: കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗവുമായി ലയനമില്ലെന്ന് ആവർത്തിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. 'ലയനവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ പിളർപ്പുണ്ടാകില്ലെന്ന് കരുതുന്നു. ജോണി നെല്ലൂർ ഒപ്പം നിൽകുമെന്നാണ് പ്രതീക്ഷ'യെന്നും അനൂപ് പ്രതികരിച്ചു. എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിന് പിന്നാലെയാണ് പ്രതികരണം. ജോണി നെല്ലൂരിനെ അനുകൂലിക്കുന്ന ജില്ലാ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായി ലയനം വേണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അനൂപിന്‍റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
എന്നാല്‍ അനൂപ് ജേക്കബിന്റെ അഭിപ്രായം വ്യക്തിപരമാണെന്നും ജേക്കബ് ഗ്രൂപ്പുമായി ലയനത്തെക്കുറിച്ച് ചർച്ച ചെയ്തതായും പിജെ ജോസഫ് പ്രതികരിച്ചു. 'ആശയപരമായി ഒരുമിച്ച് നിൽക്കുന്നവർ ഒന്നിക്കണം. ലയനക്കാര്യം അവരുടെ പാർട്ടി ചർച്ച ചെയ്യണമെന്നും' ജോസഫ് കൂട്ടിച്ചേര്‍ത്തു. ഇതോടെ ലയന നീക്കത്തില്‍ അനൂപ് ജേക്കബും പാര്‍ട്ടിയിലെ മറ്റൊരുനേതാവായ ജോണി നെല്ലൂരും തമ്മിലുണ്ടായ ഭിന്നത കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ പിളർപ്പിലേക്കെന്ന സൂചനയാണ് ലഭിക്കുന്നത്.
ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിൻവാങ്ങിയതോടെയാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ശക്തമായത്. അതേ സമയം ലയനനീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്‍റെ തീരുമാനം. ഇരുവരും യോഗം വിളിച്ച് പരമാവധി ആളുകളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ലയനം പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂരിന്‍രെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam