
കോഴിക്കോട് : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറൻസിക് വാർഡിലെ തടവുകാരിയായ അന്തേവാസി രക്ഷപ്പെട്ടു. കൊലക്കേസ് പ്രതി പൂനം ദേവിയാണ് കേന്ദ്രത്തിൽ നിന്ന് പുറത്തുകടന്നത്. മലപ്പുറം വേങ്ങരയിൽ വച്ച് ഭർത്താവ് സഞ്ചിത് പസ്വാനെ കൊലപ്പെടുത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. പുലർച്ചെ 12.15ഓടെയാണ് പൂനം പുറത്തു കടന്നത്. ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കുത്തി ഇളക്കിയാണ് ഇവർ രക്ഷപ്പെട്ടത്. ഇന്നലെ ആണ് ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ബീഹാർ വൈശാലി ജില്ലാ സ്വദേശിയാണ് പൂനം.
കടുത്ത രീതിയിൽ മാനസ്സിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇവരെ മാനസ്സിക കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഫോറൻസിക വാർഡ് അഞ്ചിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. വാർഡിലെ ശുചിമുറിയുടെ വെന്റിലേറ്റർ ഗ്രിൽ കല്ലുകൊണ്ട് കുത്തിയിളക്കി അതുവഴി രക്ഷപ്പെട്ടതായാണ് പ്രാഥമിക നിഗമനം. മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സമീപ പ്രദേശങ്ങളിൽ ഇവർ താമസിച്ചിരുന്ന മലപ്പുറം വേങ്ങരയിലെ പ്രദേശം എന്നിവിടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനം വിളിച്ചതിന് ശേഷവും കുതിരവട്ടം മാനസ്സികാരോഗ്യകേന്ദ്രത്തിൽ ഇത്തരത്തിലുള്ള വീഴ്ചകൾ തുടരുകയാണ്.
ഇവർ രക്ഷപ്പെട്ടത് സഹ തടവുകാർ അറിഞ്ഞിരുന്നു എന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ കാണാൻ എന്ന് പറഞ്ഞാണ് ഇവർ പുറത്തുകടന്നത്. ഒന്നാം നിലയിൽ നിന്ന് തൂങ്ങി ഇറങ്ങി, മതിലിലെ കേബിളുകൾ പിടിച്ച് പുറത്ത് കടക്കുകയായിരുന്നു. ഓരോ മണിക്കൂർ ഇടവിട്ട് പട്രോളിങ് ഉള്ള ഇടം ആണെന്നും എ സി പി കെ സുധർശൻ പറഞ്ഞു.
Read More : കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരെ ആക്രമം പ്രതി അറസ്റ്റിൽ